മനാമ: ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരെ നടുക്കുന്നതും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കൈയ്യേറ്റവുമാണു ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്ന് ബഹ്‌റൈനില്‍ നടന്ന മലയാളി മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ സംഗമം ചൂണ്ടിക്കാട്ടി. ഭരണകൂട നയങ്ങളെയും ഫാഷിസ്റ്റ് പ്രവണതകളെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ അസഹിഷ്ണുതയുടെ വക്താക്കള്‍ വേട്ട തുടരുകയാണ്. കല്‍ബുര്‍ഗിയും നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായി വേണം ഗൗരിയുടെ വധത്തെ കാണാന്‍. ഫാഷിസത്തിന്റെയും ജാതീയമായ അടിച്ചമര്‍ത്തലുകളുടേയും കടുത്ത വിമര്‍ശകയായിരുന്നു അവര്‍. സാമൂഹികവും രാഷ്ട്രീയവുമായ അനീതികള്‍ക്കെതിരെ സ്വന്തം പ്രസിദ്ധീകരണത്തിലൂടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഗൗരി നടത്തിയത്. നിര്‍ഭയ പത്ര പ്രവര്‍ത്തനത്തിന്റെ വക്താവായിരുന്ന പിതാവ് പി. ലങ്കേഷിന്റെ പാത പിന്തുടര്‍ന്നാണ് ഗൗരി ഈ രംഗത്ത് ചുവടുറപ്പിച്ചത്. വിമത ശബ്ദങ്ങളെ അരിഞ്ഞു തള്ളുന്ന ഭീതിജനകമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലായ നാനാത്വത്തില്‍ ഏകത്വമെന്ന തത്വം തന്നെ അസ്തമിച്ചുപോവുമോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. വര്‍ഗീയ ഫാഷിസ്റ്റുകളുടെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്തു. കെടുത്താനാകാത്ത അഗ്‌നിയാണ് അക്ഷരമെന്നും സര്‍ഗാത്മകതയുടെയും വാര്‍ത്തയുടെയും അര്‍ഥമറിയാത്തവരാണ് ഗൗരിയുടെ ഘാതകരെന്നും പ്രദീപ് പറഞ്ഞു. അക്രമങ്ങള്‍ക്ക് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയാനാകില്ല. പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്ത്യന്‍ മാധ്യമ രംഗം വികസിച്ചത്. ഫാഷിസത്തിന്റെ ഒച്ച കേള്‍ക്കുന്ന കാലത്ത് മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. എന്തിലും വര്‍ഗീയത കാണുന്ന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. മനുഷ്യനെ വേര്‍തിരിച്ചുകാണുന്ന സാഹചര്യങ്ങളെ തിരിച്ചറിയണം. ഗൗരി ലങ്കേഷിനെതിരായി ഉയര്‍ന്ന തോക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായാണ് ഉയര്‍ന്നതെന്ന് നാം മനസിലാക്കണംമെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു.

മനാമയില്‍ നടന്ന യോഗത്തില്‍ എ.വി.ഷെറിന്‍ അധ്യക്ഷനായിരുന്നു. ഗൗരി ലങ്കേഷിനെ സ്മരിക്കുകയെന്നത് ഫാഷിസത്തിനെതിരായ ഓര്‍മ പുതുക്കലാണെന്ന് അദ്ദേഹം പറഞ്ഞു. കെ.ടി.നൗഷാദ് സ്വാഗതം പറഞ്ഞു. നാസി ജര്‍മനിയില്‍ കലാകാരന്‍മാരും സാംസ്‌കാരിക പ്രവര്‍ത്തകരും നേരിട്ട പരീക്ഷണങ്ങളെ ഓര്‍മിപ്പിക്കുന്ന കാലത്തിലൂടെയാണ് ഇന്ത്യയിലെ സാംസ്‌കാരിക സമൂഹം കടന്നുപോകുന്നതെന്ന് കെ.ടി.നൗഷാദ് പറഞ്ഞു. എം.ബിജുശങ്കര്‍ പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു. ക്ലാസിക്കല്‍ ഫാസിസത്തിന് വീണ്ടും തലപൊക്കാന്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ സാധ്യമല്ലെന്നും ഫാസിസത്തിന്റെ ലക്ഷണങ്ങളെ നേരിടാന്‍ മതേത, ജനാധിപത്യ ശക്തികളുടെ മുന്നേറ്റം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. അനസ് യാസിന്‍, ഹരീഷ് മേനാന്‍, രാജീവ് വെള്ളിക്കോത്ത്, ബെയ്‌സില്‍ നെല്ലിമറ്റം, അശോക് കുമാര്‍, ഹാരിസ് തൃത്താല, അന്‍വര്‍ മൊയ്തീന്‍, ബോബി തേവറില്‍, അനില്‍ തിരൂര്‍, പ്രമോദ് തിരൂര്‍, ഉണ്ണി സംസാരിച്ചു. സത്യന്‍ പേരാമ്പ്ര നന്ദി പറഞ്ഞു.

അക്ഷര കൂട്ടം പ്രതിഷേധിച്ചു
പ്രമുഖ മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ബഹ്റൈനിലെ എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷര കൂട്ടം പ്രതിഷേധിക്കുന്നു. ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് ശേഷം അതിനെ നിസ്സാരവൽക്കരിച്ചും ന്യായീകരിച്ചും വരുന്ന പ്രസ്താവനകൾ രാജ്യം എണ്ടോട്ടാണ് പോണത് എന്നത് സൂചിപ്പിക്കുന്നു. പ്രമുഖ സാഹിത്യകാരനായ കൽബുർഗിയുടെ വധത്തിനു ശേഷം വീണ്ടും എഴുത്തിന്റെ പേരിൽ ഉണ്ടായ ഈ കൊലയിൽ ഇന്ത്യയിലെ എഴുത്തുകാരുടെയും സ്വതന്ത്ര ചിന്തകരുടെയും ഉത്കണ്ഠയിൽ അക്ഷര കൂട്ടം പങ്കുചേരുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. സുധീശ് രാഘവൻ, ജയചന്ദ്രൻ ,ശ്രീദേവി എം.മേനോൻ അനിൽ വേങ്കോട്, സജി മാർക്കോസ്, ഷബിനി വാസുദേവ്, ഫിറോസ് തിരുവത്ര, മിനേഷ് രാമനുണ്ണി, സുനിൽ മാവേലിക്കര, ജയ കൃഷ്ണൻ എന്നിവരാണ് അക്ഷര കൂട്ടത്തിന് വേണ്ടി പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്.

ഇന്ത്യന്‍ ജനാധിപത്യം ഭീഷണിയെ നേരിടുന്നു: പ്രേരണ ബഹ്‌റൈന്‍
ഗൗരി ലങ്കേഷിന്റെ വധത്തിൽ പ്രതിഷേധിച്ച്‌ പ്രേരണ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിച്ച രാഷ്ട്രീയ സംസ്കാരിക പ്രവർത്തകർ സ്വതന്ത്രമായി ചിന്തിക്കുന്നവരെയും ജനാധിപത്യപരമായി ഭരണകൂടത്തെ എതിർക്കുന്നവരെയും കൊന്നൊടുക്കുന്ന രീതിയിൽ ഇന്ത്യയിൽ ജനാധിപത്യം ഭീഷണിയെ നേരിടുകയാണ് എന്ന് അഭിപ്രായപ്പെട്ടു. കൊലക്ക് ശേഷം കൊലയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സംഘപരിവാർ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനുള്ള സാഹചര്യത്തിന് അവരെ തന്നെ കുറ്റപ്പെടുത്തുകയാണ്. ഇത് വളരെ ആസൂത്രിതമായ പ്രചരണമാണ്. സ്വതന്ത്ര ചിന്തകരെയും ജനാധിപത്യ മതേതര വിശ്വാസികളെയും ഇല്ലായ്മ ചെയ്യുന്നതിനുള്ള പൊതു സമ്മതിക്കുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്.

പ്രധാനമന്ത്രിയുടെ മൗനം ഈ ആസൂത്രിത പദ്ധതിയുമായി ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. രാജ്യത്താകമാനമുള്ള മതേതര ജനാധിപത്യവിശ്വാസികളുടെ ഐക്യപ്പെടലിലൂടെ മാത്രമേ ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനും കൂടുതൽ വികസിപ്പിക്കാനും സാധിക്കൂ. അത്തരം ഐക്യം ഒരു രാഷ്ടീയശക്തിയായി മാറണമെന്നും തിരഞ്ഞെടുപ്പിലൂടെ വർഗ്ഗീയ ഫാസിസ്റ്റുകൾ അധികാരത്തിൽ വന്നാൽ നമുക്ക് നമ്മുടെ രാഷ്ടമാണ് നഷ്ടപ്പെടാൻ പോകുന്നത്. യുവജനതയുടെ അരാഷ്ട്രീയമായ നിസ്സംഗതയിൽ പ്രസംഗകർ പലരും ഉത്കണ്ഠ പ്രകടിപ്പിച്ചു. ഗൗരി ലങ്കേഷിന്റെ ഘാതകരെയും അതിനു പിന്നിലെ ആസൂത്രകരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മതേതര ജനാധിപത്യ ശക്തികളുടെ ബൃഹത് കൂട്ടായ്മയിലൂടെ ഒരു ബദൽ രാഷ്ടീയശക്തിയ്ക്കായി ഏവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും പ്രേരണ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തിൽ ഇ.എ.സലിം, ഫസൽ പേരാമ്പ്ര, എൻ.പി.ബഷീർ, അനിൽ വേങ്കോട്, ഫിറോസ് തിരുവത്ര, സുധീശ് രാഘവൻ, നിസ്സാർ കൊല്ലം, പങ്കജ് നാഭൻ, രാജേഷ്, റിയാസ്, രാജു ഇരിങ്ങൽ, കെ.വി.പ്രകാശ്, ഹരികുത്തേഴൻ, സിനു കക്കട്ടിൽ, അജിത്ത് മാക്സി, സുജേഷ് തുടങ്ങിയവർ സംസാരിച്ചു. ടി.എൻ.രാജൻ അധ്യക്ഷനായിരുന്നു. റിയാസ് കെ.സിറാജുദ്ദീൻ സ്വാഗതം പറഞ്ഞു. ഷാജിത് മലയിൽ പ്രമേയം അവതരിപ്പിച്ചു.

ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം പ്രതിഷേധിച്ചു
ദോഹ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും കന്നഡ ടാബ്ലോയിഡ് വാരിക ലങ്കേഷ് പത്രികയുടെ എഡിറ്ററുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു. മഹാത്മാ ഗാന്ധിക്കു നേരെ വെടിയുതിര്‍ത്ത ഫാസിസ്റ്റ് ശക്തികള്‍ സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കു നേരെയാണ് ഗൗരി ലങ്കേഷ് വധത്തിലൂടെ വീണ്ടും വെടിയുതിര്‍ക്കുന്നത്. എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കുകയെന്ന ഫാസിസ്റ്റ് നയങ്ങള്‍ നടപ്പാകുമ്പോള്‍ ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഐഎംഎഫ് ആവശ്യപ്പെടുന്നു. ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ അയാളുടെ ശരീരം മാത്രമാണ് ഇല്ലാതാകുന്നതെന്നും വാക്കുകള്‍ പുനര്‍ജ്ജനിക്കുകയും കൂടുതല്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ബുദ്ധിശൂന്യരായ ഫാസിസ്റ്റ് കൂട്ടത്തിന് മനസ്സിലാക്കാനാവുന്നില്ല. എതിര്‍ ശബ്ദം മുഴക്കുന്നവരെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് പ്രവര്‍ത്തനം ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ അവസാനത്തേതാകാന്‍ വഴിയില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഫാസിസം നടപ്പാക്കാന്‍ ശ്രമിക്കുന്ന കൂട്ടങ്ങളെ നിലക്കുനിര്‍ത്താന്‍ അധികാരികള്‍ ശ്രദ്ധചെലുത്തണം. മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ സത്യം ഉറക്കെ വിളിച്ചു പറയാന്‍ ഗൗരി ലങ്കേഷ് കാണിച്ച ധൈര്യവും സ്ഥൈര്യവും മാധ്യമ പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മാതൃകയാവട്ടെയെന്നും ഇന്ത്യന്‍ മീഡിയാ ഫോറം പ്രത്യാശ പ്രകടിപ്പിക്കുന്നതായി പ്രസിഡന്റ് ആര്‍.റിന്‍സും ജനറല്‍ സെക്രട്ടറി മുജീബുര്‍റഹ്മാന്‍ കരിയാടനും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ