മനാമ: യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കിയെന്ന കേസില്‍ സുഹൃത്തായ യുവാവിനു പത്തു വര്‍ഷം തടവു ശിക്ഷ. സംഭവത്തില്‍ പങ്കാളികളായ ഇയാളുടെ രണ്ടുകൂട്ടുകാര്‍ക്ക് അഞ്ചു വര്‍ഷം വീതം തടവും വിധിച്ചു. 20 നും 40 നും ഇടയില്‍ പ്രായമുള്ള ബഹ്‌റൈനികളാണു കേസിലെ പ്രതികള്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജുഫൈറിലെ ഒരു ഹോട്ടലിനു പുറത്തു നിന്നു തട്ടിക്കൊണ്ടുപോയ തായ് യുവതിയെയാണ് പ്രതികള്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയത്. വാഹനത്തില്‍ ബലമായി പിടിച്ചു കയറ്റിയ ശേഷം മനാമയിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചു മൂന്നു മണിക്കൂറോളമാണു പ്രതികള്‍ പീഡനത്തിനിരയാക്കിയത്.

തുടര്‍ന്നു പ്രതികള്‍ യുവതിയെ ഒറ്റപ്പെട്ട മരുഭൂമിയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. യുവതി, ഇതുവഴികടന്നുപോയ ഒരു മോട്ടോര്‍ ബൈക്ക് യാത്രികനെ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയും പൊലീസ് സ്‌റ്റേഷനില്‍ എത്തുകയുമായിരുന്നു. ജുഫൈറിലെ ഒരു ക്ലബ്ബില്‍ വച്ചാണു യുവതിയെ പരിചയപ്പെട്ടതെന്നു മുഖ്യ പ്രതി കോടതിയില്‍ മൊഴി നല്‍കി. കൂട്ടുകാരോടൊപ്പം യുവതിയെ ബലമായി വണ്ടിയില്‍ കയറ്റി കണ്ണു കെട്ടിയാണ് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചത്. തുടര്‍ന്ന് ആണ്‍ സുഹൃത്താണ് പീഡനത്തിനു നേതൃത്വം നല്‍കിയത്. കൂട്ട ബലാല്‍സംഗത്തെ എതിര്‍ത്ത യുവതിയെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തു. പരിരുക്കേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം എന്നീ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈ ക്രിമിനല്‍ കോടതി പ്രതികള്‍ക്കു ശിക്ഷ വിധിച്ചത്.

ആണ്‍ സുഹൃത്ത് തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്ന് യുവതി കള്ളക്കഥ മെനയുകയായിരുന്നുവെന്നായിരുന്നു പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നത്. സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ