/indian-express-malayalam/media/media_files/uploads/2019/11/video-game.jpg)
അബുദാബി: വീഡിയോ ഗെയിം ലഹരിയായി മാറിയ വലിയൊരു വിഭാഗമുണ്ട് ലോകത്തെമ്പാടും. ഈ ആസക്തിയില്‍നിന്നു വിമുക്തി നേടാന്‍ കുട്ടികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണു നിത്യവും ചികിത്സ തേടുന്നത്. ഇത്തരക്കാരെ ലക്ഷ്യമിട്ട് പുതിയ ക്ലിനിക്ക് തുറക്കാനൊരുങ്ങുകയാണ് അബുദാബി.
ഗെയിമുകള്‍ക്ക് അടിമപ്പെട്ടവരുടെ വിമുക്തിക്കായി അബുദാബിയിലെ നാഷണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (എന്‍ആര്‍സി) കേന്ദ്രമായി ആരംഭിക്കുന്ന ഔട്ട് പേഷ്യന്റ് (ഒപി) ക്ലിനിക്ക് അടുത്ത വര്‍ഷം തുറക്കും. മൊബൈല്‍ ഫോണ്‍, വീഡിയോ ഗെയിമുകളില്‍ അടിമപ്പെട്ടവരെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരികയാണു ക്ലിനിക്കിന്റെ ലക്ഷ്യം.
ഗെയിമുകള്‍ക്ക് അടിമപ്പെട്ടവര്‍ക്കു ശാസ്ത്രീയമായ ചികിത്സാ സൗകര്യങ്ങളും ബോധവത്കരണവും ക്ലിനിക്കില്‍ ലഭ്യമാക്കും. ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്കു പരിശീലനം നല്‍കിക്കഴിഞ്ഞതായി എന്‍ആര്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് അല്‍ ഗാഫേരി പറഞ്ഞു.
ഗെയിമിങ് ആസക്തിയെ വൈകല്യങ്ങളുടെ പട്ടികയില്‍ ലോകാരോഗ്യ സംഘടന അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണു പുതിയ ക്ലിനിക്ക് തുറക്കാന്‍ യുഎഇ തീരുമാനിച്ചത്. ഗെയിമിങ്ങിന് അടിമപ്പെട്ടവരെക്കുറിച്ച് പഠനം നടത്തിയ ജപ്പാനിലെ വിദഗ്ധരുമായി ചേര്‍ന്നാണു ക്ലിനിക്ക് പ്രവര്‍ത്തിക്കുക.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ക്ലിനിക്കില്‍നിന്നു സേവനം ലഭ്യമാകുമെന്നും ഡോ. ഹമാദ് അല്‍ ഗഫേരി പറഞ്ഞു. ഓരോരുത്തരുടെയും വൈകല്യങ്ങള്‍ മനസിലാക്കി പ്രത്യേക ചികിത്സാ രീതികളായിരിക്കും ക്ലിനിക്ക് സ്വീകരിക്കുക. ലോകത്തിലെ ആദ്യ 100 ഗെയിമിങ് വിപണികളിലൊന്നായ യുഎഇയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ 80 ശതമാനവും വീഡിയോ ഗെയിം കളിക്കുന്നവരാണ്.
വീഡിയോ ഗെയിം കളിക്കുന്നതിനു ചൈന അടുത്തിടെ സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. . ഒരുദിവസം ഒന്നര മണിക്കൂര്‍ മാത്രമേ ഇനി ചൈനയില്‍ ഗെയിം കളിക്കാന്‍ അനുവാദമുള്ളൂ. അതും രാത്രി പത്തുവരെ മാത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.