റിയാദ്: യു.എ.ഇ ആസ്ഥാനമായ വോക്‌സ് സിനിമാസിന്റെ IMAX തിയേറ്റർ പൊതുജനങ്ങൾക്കായി ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുന്നു എന്ന വാർത്ത അതിവേഗമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ടിക്കറ്റിനായി വോക്‌സ് സിനിമാസിന്റെ സൗദി വെബ്സൈറ് സന്ദർശിച്ച പലരും ടിക്കറ്റ് കിട്ടാതെ നിരാശരായി. അവധി ദിവസങ്ങളിലേയ്ക്ക് കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്തതാണ് തിയേറ്റർ തുറക്കും മുൻപ് ഹൗസ് ഫുൾ ആകാൻ കാരണം.
സൗദിയിലെ വിനോദ രംഗത്തെ വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കം കുറിച്ചു കൊണ്ട് ഒരുമാസത്തിനുളളിൽ രണ്ടാമത്തെ സിനിമാ തിയറ്ററിൽ പ്രദർശനം ആരംഭിച്ചു. അമേരിക്കൻ മൾട്ടി സിനിമ (എ.എം.സി) കമ്പനി സജ്ജീകരിച്ച സൗദിയിലെ ആദ്യ സിനിമ തിയറ്റര്‍ ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു.
വ്യാഴാഴ്ച റിയാദ് പാര്‍ക്ക് മാളില്‍ ആരംഭിച്ച വോക്‌സ് സിനിമാസിന്റെ IMAX തിയറ്ററില്‍ ഹോളിവുഡ് ചിത്രം ‘അവന്‍ഞ്ചെര്‍സ് : ഇൻഫിനിറ്റി വാര്‍ ’ ആണ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്. കുട്ടികള്‍ക്ക് മാത്രമുള്ള പ്രത്യേക സ്ക്രീനില്‍ ‘ഫെര്‍ഡിനാന്‍ഡ്’ എന്ന ആനിമേഷന്‍ ചിത്രവും പ്രദര്‍ശിപ്പിച്ചു . ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തിയറ്റര്‍ തുറന്നു കൊടുക്കുമെന്ന് തിയറ്റര്‍ മാനേജ്മെന്റ് അറിയിച്ചിരുന്നു. അവന്‍ഞ്ചെര്‍സ് : ഇൻഫിനിറ്റി വാര്‍ , ബ്ലാക്ക് പാന്തര്‍, റാമ്പേജ് എന്നീ സിനിമകളാണ് ഇന്ന് മുതൽ പ്രദര്‍ശിപ്പിക്കുന്നത് .
സൗദി അറേബ്യയിൽ 600 സ്ക്രീനുകൾ പ്രവർത്തിപ്പിക്കാൻ യു.എ.ഇ ആസ്ഥാനമായ വോക്‌സ് സിനിമാസിന് ലൈസൻസ് നൽകിയിട്ടുണ്ട് . വിവിധ നഗരങ്ങളിൽ 200 കോടി റിയാൽ ചെലവഴിച്ചാകും ഇത്രയും പ്രദർശനശാലകൾ സജ്ജീകരിക്കുക. ആദ്യപടിയായിയാണ് റിയാദിലെ പാർക് മാളിൽ നാലുസ്ക്രീൻ മൾട്ടിപ്ലെക്സ് വോക്‌സ് തുറന്നത് . ദുബൈയിലെ മാജിദ് അൽഫുത്തൈം ഗ്രൂപ്പിന് കീഴിലുള്ളതാണ് വോക്‌സ്. യു.എ.ഇ, ലെബനാൻ, ഈജിപ്ത്, ഒമാൻ എന്നിവിടങ്ങളിലായി 129 തിയറ്ററുകളാണ് അവർ കൈകാര്യം ചെയ്യുന്നത്.
യു.എ.ഇയിൽ മലയാളം ചിത്രങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ഭാഷാചിത്രങ്ങളും വോക്‌സ് പ്രദർശിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും സൗദിയിലും ഇതോടെ മലയാളം ചിത്രങ്ങൾക്ക് പ്രദർശിപ്പിക്കാനുളള അവസരമൊരുങ്ങുകയാണ്. പാർക് മാളിലെ മൾട്ടിപ്ലെക്സിൽ അനിമേഷൻ, കുടുംബ, വിദ്യാഭ്യാസ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്ന് കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു. ‘ദ ഡാർകസ്റ്റ് മൈൻഡ്സ്’, ‘ദ പ്രിഡേറ്റർ’, ജയിംസ് കാമറൂണിന്റെ ‘അലിറ്റ: ബാറ്റിൽ ഏയ്ഞ്ചൽ’ തുടങ്ങിയ സിനിമകളും ഈ വർഷം തന്നെ സൗദിയിലെത്തിക്കും.
അഞ്ചുവർഷത്തിനുള്ളിലാണ് 600 തിയറ്ററുകളും രാജ്യത്ത് തുറക്കുക. ഇതുവഴി 3,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കമ്പനി സൂചിപ്പിച്ചു.
വാർത്ത : സിജിൻ കൂവള്ളൂർ