റിയാദ് : നടു റോഡിൽ യുവ നടി ആക്രമിക്കപ്പെട്ട് കേരളം ഞെട്ടിയപ്പോൾ തെക്കോട്ടും വടക്കോട്ടും നോക്കി മൗനം പാലിച്ചവരെ നരകത്തിലേക്ക് അയക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ധാർമിക പ്രതിസന്ധിയികളുണ്ടാകുമ്പോൾ മൗനം പാലിക്കുന്നവരെ നരകത്തിലേക്ക് അയച്ച് അവരുടെ വായയിൽ ചുട്ടു പഴുത്ത ലായനി ഒഴിച്ച് കൊടുക്കണമെന്ന വിഖ്യാത ഇറ്റാലിയൻ കവി ദാന്തെ വാക്കുകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാഞ്ചാലിയെ വസ്ത്രക്ഷേപം നടത്തിയപ്പോൾ മൗനം പാലിച്ച ഭീഷ്മരുടെ റോളാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റേത്.കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ( കെ എസ് എഫ് ഡി സി ) മുൻ ചെയർമാൻ കൂടിയാണ് കോൺഗ്രസ് നേതാവായ രാജ് മോഹൻ ഉണ്ണിത്താൻ

ആക്രമണത്തിൽ ഗൂഡാലോചനയുണ്ട് എന്നതിൽ സംശയമില്ല. ഗൂഡാലോചന നടത്തിയത് ആരൊക്കെയാണെന്നാണ് പോലീസ് തെളിയിക്കേണ്ടത്. ആർക് പങ്കുണ്ടെങ്കിലും പുറത്ത് കൊണ്ടുവരണം. അൻവർ സാദത്ത് എം എൽ എയ്ക്ക് പങ്കുണ്ടെങ്കിൽ പോലീസ് അത് തെളിയിക്കട്ടെ. അപ്പോൾ പാർട്ടി നടപടിയെടുക്കും. പാർട്ടി സംരക്ഷിക്കില്ല. മുകേഷ് ജനങ്ങളെ വിഡ്ഢിയാക്കുകയാണ്. മുകേഷിന് സുനിയുമായി ബന്ധമുണ്ട്. അത് കൊണ്ടാണ് അമ്മയുടെ മീറ്റിങ്ങിൽ പത്രക്കാരോട് തട്ടിക്കയറിയത്. മുകേഷ് മാത്രമല്ല പൾസർ സുനിയുടെ സേവനം ഉപയോഗിക്കാതെ വളരെ കുറച്ച് പേരെ സിനിമ ഇൻഡസ്ട്രിയിലുള്ളു.

കേസിന്റെ തുടക്കത്തിൽ അന്വേഷണത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. ദിലീപിനെ ചോദ്യം ചെയ്ത ദിവസം മുഖ്യമന്ത്രിക്ക് മുകളിൽ പ്രധാനപ്പെട്ട വ്യക്തിയുടെ സമ്മർദ്ദമുണ്ടായി അതിനെ തുടർന്നാണ് പിന്നീട് ദിലീപിനെ വിട്ടയച്ചത്. പൊലീസിന്റെ അന്വേഷണം നേരെ പോകുന്നത് പൊതുസമൂഹത്തിന്റെ ജാഗ്രത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പാമ്പാടി നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ രക്ഷിക്കാനുള്ള ശ്രമവുമായി സുധാകരന്‍ കോളേജ് അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിൽ പാർട്ടി നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് കേരളത്തിലെ പൊതുജന സമൂഹം വെറുക്കപ്പെടുന്നവരെ രഹസ്യമായോ പരസ്യമായോ കാണാൻ കോൺഗ്രസ്സിലെയോ യു.ഡി.എഫിലേയോ ആരെങ്കിലും തയ്യാറാകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നായിരുന്നു മറുപടി.

ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ പുനഃ സംഘടനയോടെ പാർട്ടിക് നവ ജീവൻ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനാത്മകമായ അവസ്ഥയിലൂടെയാണ് ഗൾഫ് പ്രവാസം കടന്ന് പോകുന്നത്. പ്രവാസികൾ വലിയ തിരിച്ചടികൾ നേരിട്ട് കൊണ്ടിരിക്കുകയാണ് . ഇത് ഗൗരവപൂർവ്വം സർക്കാരിനെയും നോർക്കയെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിയാദിൽ ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ