ദുബായ്: ചാർട്ടേഡ് വിമാനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പിനെതിരെ യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. “യുഎഇയിലെ ചില ആളുകളും ട്രാവൽ ഏജൻസികളും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വരാനിരിക്കുന്ന ചാർട്ടേഡ് വിമാനങ്ങളുടെ പേരിൽ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടുന്നതായും ചില സാഹചര്യങ്ങളിൽ വിമാനച്ചെലവിനും ഇന്ത്യയിലെ ക്വാറന്റൈൻ സംവിധാനങ്ങൾക്കുമായി ഇവരിൽ നിന്ന് മുൻകൂറായി പണം ആവശ്യപ്പെടുന്നതായും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്,” ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.

ചാര്‍ട്ടേഡ് വിമാന സര്‍വീസിനായുള്ള അനുമതി ഇന്ത്യൻ സർക്കാർ ഇതുവരെ നല്‍കിയിട്ടില്ല. അനുമതിക്കായുള്ള ചര്‍ച്ച നടക്കുന്നുണ്ട്. അനുമതി ലഭിച്ചാലുടന്‍ കോണ്‍സുലേറ്റ് അക്കാര്യം അറിയിക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാർക്കും നിർദേശം നൽകിയിട്ടുണ്ട്. ചില സ്ഥലങ്ങളിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ ക്രമീകരിക്കാമെന്ന് പറഞ്ഞെത്തുന്ന ആളുകളുടേയും ഏജന്റുമാരുടേയും ഇരകളാകരുതെന്നും നിർദേശിക്കുന്നു.

അതേസമയം, രണ്ടു മാസത്തെ കോവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ഇന്ന് മുതൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി. ഡൽഹിയിൽ നിന്ന് 380 സർവീസുകളാണ് ഇന്നുള്ളത്. ഇതിൽ 25 സർവീസുകൾ കേരളത്തിലേക്കാണ്.

Read More: ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി; കൊച്ചിയിൽ നിന്ന് ആദ്യ വിമാനം പറന്നു

ഇന്ന് 17 സര്‍വീസുകളാണ് ഉണ്ടാവുക. ബെംഗളൂരുവിലേക്ക് പറന്ന വിമാനത്തോടെയാണ് നെടുമ്പാശ്ശേരിയില്‍നിന്നുള്ള സര്‍വീസ് തുടങ്ങിയത്. ഇന്ന് പുറപ്പെടുന്ന 17 സര്‍വീസുകളില്‍ കൂടുതലും ബെംഗളൂരുവിലേക്കും മുംബൈയിലേക്കുമാണ്, നാല് വീതം വിമാനങ്ങള്‍. ഡൽഹിയിലേക്ക് രണ്ടും തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും ഒന്ന് വീതവും സര്‍വീസുണ്ട്. കൊച്ചിയില്‍നിന്ന് ഈയാഴ്ച ആകെ 113 സർവീസുകളാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook