റിയാദ് : സൗദി അറേബ്യയുടെ രാജ്യ ശുദ്ധീകരണ പ്രക്രിയ ക്യാമ്പയിന്റെ ഭാഗമായി പ്രഖ്യാപിച്ച പൊതുമാപ്പ് അവസാന ഘട്ടത്തിൽ. 404,253 നിയമ ലംഘകരാണ് ഇന്നലെ വരെ അവസരം ഉപയോഗപ്പെടുത്തിയത്.

നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി ഒരു ലക്ഷം പേർ ഇതിനകം രാജ്യം വിട്ടു. മൂന്നു ലക്ഷത്തിൽപരം അനധികൃതർക്ക് എക്സിറ്റ് വിസകൾ ലഭിച്ചു രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. മക്കയിലെ ശുമൈസി പൊതുമാപ്പ് സേവന കേന്ദ്രം സന്ദർശന സമയത്ത് സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽ യഹിയയാണ് കൃത്യമായ കണക്ക് വെളിപ്പെടുത്തിയത്. തൊണ്ണൂറ് ദിവസം നീണ്ട് നിൽക്കുന്ന “നിയമ ലംഘകരില്ലാത്ത രാജ്യം” എന്ന തലവാചകത്തിൽ സൗദി അറേബ്യ ആരംഭിച്ച ക്യാമ്പയിൻ ഈ മാസം അവസാനിക്കും.

ഈ അവസരം ഉപയോഗപ്പെടുത്താൻ ഇനി 12 ദിവസം കൂടി ബാക്കിയുണ്ട്. അനുവദിച്ച സമയത്തിന് ശേഷവും നിയമലംഘകരായ രാജ്യത്ത്‌ തങ്ങിയാൽ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. പിന്നീട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാകും തിരിച്ചയക്കുക. നിയമ ലംഘകർക്ക് സഹായം ചെയ്യുന്നവർക്കെതിരെയും കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും.

അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് ഗതാഗതം, പാർപ്പിടം, ജോലി തുടങ്ങിയ സൗകര്യം നൽകുന്ന വിദേശികളും സ്വദേശികളും വലിയ തുക പിഴ നൽകേണ്ടി വരും. അക്കാര്യത്തിൽ ഒരു പരിഗണയും ഉണ്ടാകില്ലെന്നും സുലൈമാൻ അൽ യഹിയ പറഞ്ഞു. മേജർ ജനറൽ ഖാലിദ് അൽ ജുഅയിർ, മക്ക മേഖല ജാവാസാത്ത് മേധാവി അബ്ദുൽ റഹ്മാൻ അൽ ഹർബി, മറ്റ് ഉന്നത തല ഉദ്യോഗസ്ഥരും തർഹീൽ സന്ദർശനത്തിൽ അദ്ദേഹത്തെ അനുഗമിച്ചു.

വാർത്ത :നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ