റിയാദ് : സമൂഹത്തെയും സർക്കാരിനെയും പാഠം പഠിപ്പിക്കലല്ല പൊലീസുകാരന്‍റെ ജോലി, നിയമം നടപ്പാക്കുകയും നിയമ ലംഘകർക്കെതിരെ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കലുമാണ് പൊലീസുകാരുടെ ജോലിയെന്ന് മുൻ ഡി ജി പി ജേക്കബ് പുന്നൂസ് പറഞ്ഞു.

ചില ഉന്നത പോലീസ് ഉദ്യാഗസ്ഥരുടെ ഫേസ് ബുക്ക് പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആത്മകഥ എഴുതുന്നുണ്ടോ എന്ന ചോദ്യത്തിന് സ്രാവുകൾക്കൊപ്പം നീന്തിയ തിമിംഗലമല്ല ഞാൻ. സ്രാവുകളുടെ കഥ പറയാനില്ലാത്തത് കൊണ്ട് എഴുതുന്നില്ല. അതേസമയം പരാതിയും പരിഭവവും കെട്ടുകഥയുമല്ലാത്ത സർവീസ് സർവീസ് സ്റ്റോറി എഴുതുന്നുണ്ട്. അൽപം കൂടി കഴിയട്ടെ, എന്നായിരുന്നു മറുപടി.

സഹപ്രവർത്തകരെ കുറിച്ചോ സംവിധാനത്തെ കുറിച്ചോ പറയാനുള്ളത് സർവീസിലിരിക്കുമ്പോൾ രേഖാമൂലം ധൈര്യപൂർവ്വം രേഖപ്പെടുത്തണം. സർവ്വീസിൽ നിന്ന് വിരമിച്ചതിന് ശേഷം സർവീസിലുള്ളപ്പോൾ രേഖപ്പെടുത്താത്ത ഒരു സംഭവം വിളിച്ച് പറയുന്നത് ശരിയല്ല.

ഇന്ന് പോലീസും ജനങ്ങളുമായുള്ള അകലം കുറഞ്ഞു. കേരളത്തിൽ പ്രകൃതിയുടെയും,സദാചാര മൂല്യങ്ങളുടെയും സംരക്ഷകരാണ് ഇന്ന് പൊലീസ്. ജനം പൊലീസിൽ കൂടുതൽ അധികാരങ്ങൾ അങ്ങോട്ട് ഏൽപിക്കുകയാണ്. “ഞാൻ എന്റെ ഭാര്യയെ തല്ലിയാൽ നിനക്കെന്താ പൊലീസെ” എന്ന് ചോദിച്ചിരുന്നു ഒരു കാലമുണ്ടായിരുന്നു എന്നാൽ ഇന്ന് അങ്ങിനെയല്ല. ഗാർഹിക പീഡനം വലിയ കുറ്റമാണ്. പരാതി പെട്ടാൽ ഉടൻ നടപടിയുണ്ടാകും. കുടുംബ പ്രശ്‍നങ്ങൾ പരിഹരിക്കാനും പൊലീസിന്റെ സഹായം തേടുന്നു. പൊലീസ് ഇതിനെല്ലാം പ്രാപ്തരാണ് എന്നതിന് സമൂഹം നൽകുന്ന അംഗീകാരമാണിത്.

മറ്റ് രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കുറ്റ കൃത്യങ്ങൾ വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളം. 1957 ൽ കേരളത്തിൽ 565 കൊലപാതക കേസുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 2017 ൽ 305 ആയി ചുരുങ്ങി. പഴയ കാലത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങൾ കുറവാണ്. പക്ഷെ ഉള്ളത് പത്രങ്ങളിൽ ആദ്യ പേജിൽ അടിച്ചു വരുന്നു എന്ന് മാത്രം.

‘ലവ് ജിഹാദ്’ എന്നൊന്നില്ല. ജിഹാദ് ലക്ഷ്യം വെക്കുന്നവന് പ്രണയിക്കാനോ പ്രണിയിക്കുന്നവന് ജിഹാദിന് പോകാനോ സാധിക്കില്ല. രണ്ട് മതക്കാർ തമ്മിൽ പ്രണയിക്കുമ്പോൾ അവരുടെ കുടുംബങ്ങൾക്കുണ്ടാകുന്ന സ്വാഭാവിക എതിർപ്പിലേക്ക് പുറത്ത് നിന്ന് നൽകുന്ന പിന്തുണയാണ് ലവ് ജിഹാദായി പിന്നീട് കോലാഹലങ്ങൾ ഉണ്ടാകുന്നത്.

കേരളത്തിൽ മതതീവ്രാവാദം ഉണ്ടെന്നത് യാഥാർഥ്യമാണ്. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്  കേരളത്തിൽ ഒരാൾ പോലും മതതീവ്രവാദത്തിന്റെ പേരിൽ കൊല്ലപ്പെട്ടിട്ടില്ല എന്ന വസ്തുതയാണ്. ഏതെങ്കിലും ഒരു മതത്തിന്റെ ഉപോല്‍പന്നമല്ല തീവ്രവാദം. ത്രീവ്രവാദത്തിനായി റിക്രൂട്ട്മെന്റുകൾ കേരളത്തിൽ നിന്നും നടക്കുന്നുണ്ട് പക്ഷെ അത് ഇന്റർനെറ്റ് വഴിയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും ഇങ്ങനെ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് ഓൺലൈൻ ചൂണ്ടകൾ എറിയുന്നുണ്ട്. സമൂഹത്തിൽ വലിയ അനീതി നടക്കുന്നുണ്ടെന്ന് ഒരാളെ ബോധിപ്പിക്കുകയും അതിനെതിരെ പോരാടണമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നതാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇതിന് മതവുമായി ബന്ധമില്ല. കേരളത്തിന്റെ ക്രമാസമാധാനത്തെ കുറിച്ച് ഒരു ആശങ്കയും ഇല്ലന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്. അറബികളുടെ സംസ്കാരം സൗദഹൃദത്തിന്റേതും സമത്വത്തിന്റേതുമാണ് എന്ന സന്ദേശമാണ് ഒന്നിച്ച് ഒരു പാത്രത്തിൽ ഭക്ഷണം കഴിക്കുന്നത് സൂചിപ്പിക്കുന്നത്. കുട്ടിയായിരിക്കുമ്പോൾ അമ്മയോടൊപ്പം ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ചതിന് ശേഷം ഇപ്പോൾ സൗദിയിൽ വെച്ചാണ് ഞാൻ വീണ്ടും അങ്ങിനെ ഭക്ഷണം കഴിച്ചതെന്നും ഇത് അനുകരണീയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്ത : നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ