ജിദ്ദ: കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ദിനേന ശരാശരി 1500 ആളുകൾ സൗദി അറേബ്യ വിടുന്നതായി സൗദി പാസ്‌പോർട്ട് (ജവാസാത്ത്) ഡയറക്ടർ ജനറലിനെ ഉദ്ധരിച്ച് അൽ ഹയാത്ത് അറബി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 18 മാസത്തിനുള്ളിൽ 8,11,000 വിദേശികളാണ് ഫൈനൽ എക്‌സിറ്റ് വിസയിൽ രാജ്യം വിട്ടത്.

സ്വദേശിവൽക്കരണത്തിന്റെ തോത് വർദ്ധിച്ചതും, വിദേശ തൊഴിലാളികളികൾക്കും അവരുടെ കുടുംബത്തിനും ഏർപ്പെടുത്തിയ ലെവിയും, നിത്യോപയോഗ സാധങ്ങൾക്കും എല്ലാവിധ സേവനങ്ങൾക്കും 5 % നികുതി ഏർപ്പെടുത്തിയത് മൂലം ജീവിത ചെലവിൽ വന്ന വർദ്ധനയും കാരണമാണ് വൻ തോതിലുള്ള വിദേശികളുടെ തിരിച്ചു പോക്ക് ഉണ്ടായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വിദേശ സ്‌കൂളുകളിലെയും സ്വദേശി സ്‌കൂളുകളിലെയും അധ്യയന വർഷം അവസാനിയ്ക്കുന്ന ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ തിരിച്ചു പോക്കിന്റെ തോത് ഇനിയും വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എന്നാൽ ഇന്ത്യൻ കുടുംബങ്ങൾ വിശിഷ്യാ മലയാളി കുടുംബങ്ങളുടെ തിരിച്ചു പോക്ക് പ്രതീക്ഷിച്ച അത്ര ഉണ്ടായില്ല എന്നാണ് ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതിനു ശേഷം ലഭിക്കുന്ന കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്. കുടുംബങ്ങളുടെ കൂട്ടമായ തിരിച്ചു പോക്ക് റിയൽ എസ്റ്റേറ്റ് രംഗത്തുണ്ടാക്കിയ പ്രതിസന്ധി കാരണം ഫ്‌ളാറ്റുകളുടെ വാടക 25% മോ അതിലധികമോ കുറക്കാൻ ഫ്ലാറ്റുടമകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും നിർബന്ധിതരായ സാഹചര്യത്തെ ചെറിയ കുടുംബങ്ങളെ ഇവിടെ തന്നെ പിടിച്ച് നിൽക്കാൻ പര്യാപ്തമാക്കുന്നതായാണ് റിപ്പോർട്ട്.

വാർത്ത: നാസർ കാരക്കുന്ന്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ