ഷാർജ: ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി ഷാർജ മാറുന്നു. 2016 അപേക്ഷിച്ച് ഷാർജയിലെ വിദേശ നിക്ഷേപം ഇരട്ടിയായി. തൊഴിൽ അവസര രംഗത്തു കുതിച്ചു ചാട്ടമുണ്ടാക്കി 5.97 ബില്യൺ വിദേശ നിക്ഷേപമാണ് 2017ൽ രേഖപ്പെടുത്തിയത്. യുകെ, അമേരിക്ക, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യയാണ് വിദേശ നിക്ഷേപകരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന എട്ടാമത് വാർഷിക നിക്ഷേപ സംഗമത്തിൽ (എയിം 2018) വച്ച് ഷാർജയുടെ നിക്ഷേപകാര്യ വിഭാഗം ഇൻവെസ്റ്റ് ഇൻ ഷാർജയാണ് പുതിയ കണക്കുകൾ പുറത്തു വിട്ടത്.

കണക്കുകൾ പ്രകാരം 2017ൽ 5.97 ബില്യൺ വിദേശ നിക്ഷേപം ആകർഷിച്ച ഷാർജയ്ക്ക് ജിഡിപിയിൽ അഞ്ചു ശതമാനം വളർച്ച കൈവരിക്കാനായി. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും എമിറേറ്റിന്റെ ജീവിത നിലവാരം വർധിപ്പിക്കുന്നതിലും ഏറെ നിർണായകമായ മാറ്റങ്ങളാണ് വിദേശ നിക്ഷേപമുണ്ടാക്കിയത്. നിക്ഷേപ പട്ടികയിൽ മുന്നിട്ടു നിൽക്കുന്നത് ഇന്ത്യയാണ് എന്നത് പ്രവാസി സമൂഹത്തിലെ തൊഴിൽ അന്വേഷകർക്ക് അനുകൂല സൂചനയായാണ് കണക്കാക്കപ്പെടുന്നത്. 2017ൽ മാത്രം ഷാർജയിൽ സൃഷ്ടിക്കപ്പെട്ടത് 5000 പുതിയ തൊഴിൽ അവസരങ്ങളാണ്.

വാർഷിക നിക്ഷേപ സംഗമ വേദിയിൽ ഷാർജ ഇക്കണോമിക് വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഇൻവെസ്റ്റ് ഇൻ ഷാർജ സിഇഒ ജുമാ അൽ മുഷറഖാണ് ഷാർജയുടെ വളർച്ചയിലേക്ക് വിരൽ ചൂണ്ടുന്ന നിക്ഷേപ കണക്കുകൾ പുറത്ത് വിട്ടത്. ”പതിനെട്ടു പുതിയ വ്യവസായങ്ങളിൽ നിന്നായി, 2016 അപേക്ഷിച്ച് ഇരട്ടിയിലധികം വിദേശ നിക്ഷേപം ആകർഷിക്കാൻ 2017 ൽ ഷാർജക്കായി. ഇവിടെ ലഭ്യമായിട്ടുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും മികച്ച അടിസ്ഥാന സൗകര്യങ്ങൾക്കും സേവന മികവിനുമുള്ള ഉത്തമ ഉദാഹരണമാണ് ഈ വളർച്ച. യുഎഇയിലെ മാത്രമല്ല, അറബ് മേഖലയിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമായി ഷാർജ മാറുകയാണ്” – ജുമാ അൽ മുഷറഖ് പറഞ്ഞു.

അസൂർ ബീച്ച് റിസോർട്, ഈഗിൾ ഹിൽസിന്റെ നേതൃത്വത്തിലുള്ള മറിയം ഐലൻഡ്, അലിഫ് ഗ്രൂപ് ഒരുക്കുന്ന അൽ മംഷാ, തിലാൽ പ്രോപ്പർടീസിന്റെ തിലാൽ സിറ്റി എന്നിങ്ങനെ നിരവധി പുതിയ പദ്ധതികൾ ഷാർജയിൽ പുതുതായി ഒരുങ്ങുന്നുണ്ട്. ഷാർജയുടെ സാംസ്കാരിക-സാമൂഹ്യ മേഖലകളിലെ വളർച്ചക്കു ആക്കം കൂട്ടുന്ന നിരവധി പ്രഖ്യാപനങ്ങൾ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയും (ശുറൂഖ്‌) നടത്തിയിരുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ നേതൃത്വത്തിൽ, ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകരെയും വിദഗ്ധരെയും പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന സംഗമമാണ് ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിങ് (എയിം).

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook