റിയാദ്: സ്ത്രീ ശാക്തീകരണത്തിനായി സൗദി അറേബ്യ സ്വീകരിക്കുന്ന നടപടികള്‍ ലോകമൊന്നാകെ കൈയ്യടിച്ച് സ്വീകരിക്കുകയാണ്. മൗലികമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് ഏറെ പ്രശംസയും പിടിച്ചുവാങ്ങി.

സ്ത്രീ ശാക്തീകരണത്തിന് കൂടുതല്‍ നടപടികള്‍ കൈക്കൊളളുകയാണ് വീണ്ടും സൗദി അറേബ്യ. സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാനുളള അനുമതിയാണ് ഇപ്പോള്‍ ഭരണകൂടം നല്‍കിയത്. സൗദി ജനറല്‍ സെക്യൂരിറ്റി ഡിവിഷന്റെ നിര്‍ദേശ പ്രകാരം സൈന്യത്തില്‍ ചേരാന്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ അപേക്ഷകള്‍ അയക്കാം. റിയാദ്, മക്ക, അല്‍ ഖുസൈം, മദീന എന്നിവിടങ്ങളില്‍ നിന്നുളള സ്ത്രീകളില്‍ നിന്നാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുളളത്.

സൗദി രാജുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അവതരിപ്പിച്ച സൗദി അറേബ്യാസ് വിഷന്‍ 2030 പരിപാടിയുടെ ഭാഗമായാണ് പുതിയ പരിഷ്കാരം. സൗദി പൗരന്മാരായ 25നും 35 വയസിനും ഇടയിലുളള സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷ നല്‍കാന്‍ കഴിയുക. ഹൈസ്കൂള്‍ ഡിപ്ലോമ ഉണ്ടായിരിക്കണമെന്നും നിര്‍ബന്ധമാണ്. സൈന്യത്തില്‍ എടുക്കുന്ന സ്ത്രീകളെ യുദ്ധമുഖത്തേക്ക് വിടില്ല. ഇവരെ സുരക്ഷാ വിഭാഗത്തിലാണ് ഇപ്പോള്‍ ജോലിക്ക് എടുക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ