യുഎഇയില്‍ വരുന്ന ആഴ്ചകളില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഇന്ധന വില കുറയുകയും ആഗോള ചരക്ക് വിലയിലെ ഇടിവ്, ചില വസ്തുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തതാണ് വിലക്കുറവിന്റെ കാരണം.
യുക്രൈനില്‍ നിന്നുള്ള ഗോതമ്പ്, ധാന്യങ്ങൾ, പാചക എണ്ണകൾ എന്നിവയുടെ കയറ്റുമതി ആരംഭിച്ചിരുന്നു. ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധനത്തില്‍ ഇളവുകളും ഏര്‍പ്പെടുത്തി. ഇത് പ്രാദേശിക ചില്ലറ വിൽപ്പന വിലയിൽ സ്വാധീനം ചെലുത്തുകയും രാജ്യത്തെ പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഇത് രാജ്യത്തെ ഉപഭോക്താക്കൾക്ക് നേരിട്ട് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
“യുക്രൈനില്‍ നിന്നുള്ള കയറ്റുമതി വീണ്ടും ആരംഭിച്ചു, ഇതിന്റെ അനന്തരഫലമായിരിക്കും അടുത്ത ആഴ്ചകളില്‍ ഉണ്ടാകുന്ന വിലക്കുറവ്. പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയ്ക്കും ധാന്യത്തിനും 30 ശതമാനം വരെ വില ഇടിവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,” അല്‍ ആദില്‍ ട്രെഡിങ്ങിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ധനഞ്ജയ് ഖലിജ് ടൈംസിനോട് പറഞ്ഞു.
“കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഈ രണ്ട് ഉൽപ്പന്നങ്ങളും യുക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നില്ലായിരുന്നു. സ്റ്റോക്കുകൾ ക്ലിയർ ചെയ്യുന്നതിനായി അവ കുറഞ്ഞ വിലയ്ക്ക് വിൽക്കാന് അവര്‍ നിര്‍ബന്ധിതരായി, ഇറക്കുമതിക്കാർ ഇത് മുതലെടുത്ത് കുറഞ്ഞ വിലയ്ക്ക് അവ വാങ്ങുന്നു, ഇത് യുഎയിലെ ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരിയിൽ യുക്രൈനും റഷ്യയും തമ്മിൽ യുദ്ധം ആരംഭിച്ചതിന് ശേഷം, ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിർത്തിവച്ചിരിന്നു. ഇത് അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനവിന് കാരണമായി. എന്നാൽ റഷ്യയും യുക്രൈനും ധാന്യം കയറ്റുമതി ചെയ്യുന്നതിനായി തുർക്കിയുമായി ഒരു കരാറിലെത്തി.
റഷ്യയും യുക്രൈനും ധാന്യ ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം കുറയുന്നതനുസരിച്ച് കയറ്റുമതി വര്‍ധിക്കും. ഇത് അടിസ്ഥാന വസ്തുക്കളുടെ വില കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ജൂലൈയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഗണ്യമായി കുറഞ്ഞതായി ഭക്ഷ്യ കാർഷിക സംഘടന (എഫ്എഒ) റിപ്പോർട്ട് ചെയ്തു. പാമോയിൽ, സൂര്യകാന്തി എണ്ണ, ഗോതമ്പ്, ധാന്യങ്ങൾ, നാടൻ ധാന്യങ്ങൾ, ചോളം, പഞ്ചസാര എന്നിവയുടെ വില കുറഞ്ഞതായാണ് എഫ്എഒയുടെ ഡാറ്റ കാണിക്കുന്നത്.