റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിൽ നവംബർ 27 മുതൽ ആരംഭിച്ച ഫുഡ് എക്സിബിഷൻ കാണാൻ ജനപ്രവാഹം. റിയാദ് എക്സിറ്റ് പത്തിൽ കിങ് അബ്ദുള്ള റോഡിലുള്ള റിയാദ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് പ്രദർശനം നടക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ദിനേന എക്സിബിഷൻ കാണാനെത്തുന്നത്.

രാജ്യത്തിന് അകത്തും പുറത്തുമുള്ള 250 ഓളം ഫുഡ് നിർമാണ കമ്പനികളുടെ പ്രദർശനവും വിൽപനയും പ്രദർശനത്തിന്റെ ഭാഗമാണ്. ഈ മേഖലയിലെ നിക്ഷേപകർ, വിദഗ്ധർ, വിതരണക്കാർ, ഹോട്ടലുകൾ, കഫേകൾ, ഫ്രാഞ്ചൈസികൾ തുടങ്ങിയവയെല്ലാം അവരുടെ പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. ഭക്ഷ്യസംസ്കരണ പാക്കേജിങ് രംഗത്തെ നൂതന സാങ്കേതിക വിദ്യകളും വിവിധ തരം മെഷിനറികളും പ്രദർശന ഹാളിൽ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യ, ഫ്രാൻസ്, ചൈന, ശ്രീലങ്ക, ഇറ്റലി, ജോർദാൻ, ലെബനോൻ, ബഹ്‌റൈൻ, യുഎഇ, കുവൈത്ത്, പോളണ്ട്, ടുണീഷ്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, തുർക്കി, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ അവരുടെ പ്രധാന കമ്പനികളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുണ്ട്. പതിനയ്യായിരം സ്‌ക്വയർ മീറ്റർ ചുറ്റളവിലാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. എല്ലാ സ്റ്റാളുകളിലും ഉത്പന്നങ്ങളുടെ ഗുണവും രുചിയും അറിയാൻ സന്ദർശകർക്ക് സൗജന്യമായി നൽകുന്നുണ്ട്.

വൈകീട്ട് നാലുമണി മുതൽ രാത്രി പത്ത് മണിവരെയാണ് സന്ദർശന സമയം. പതിനെട്ട് വയസ്സിന് താഴെയുള്ളവരെ പ്രദർശന ഹാളിലേക്ക് പ്രവേശിപ്പിക്കില്ല. നവംബർ 29 ന് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ പ്രദർശനം അവസാനിക്കും. saudihoreca.com എന്ന വെബ്സൈറ്റ് വഴി പ്രീ-ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാകാവുന്നതാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഇ-മെയിൽ വഴി ലഭ്യമാകുന്ന ബാർകോഡ് പ്രദർശന കവാടത്തിൽ കാണിച്ചാൽ പേര് പ്രിന്റ് ചെയ്ത ടാഗ് ലഭിക്കും. ടാഗ് വെരിഫിക്കേഷന് ശേഷം അകത്തേക്ക് പ്രവേശിക്കാവുന്നതാണ്.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ