റിയാദ്: റിയാദ് നഗരത്തിന് ഇത് പൂക്കാലമാണ്. റിയാദ് പുഷ്പമേള കാണാൻ കിംഗ് സൽമാൻ റോഡിലെ ഹയ് അൽ മൽഹയിലേക്ക് ഒഴുകിയത് മുതിർന്നവരും കുട്ടികളുമുൾപ്പെടെ ആബാലവൃദ്ധം. വർണ്ണപൂക്കൾ തേടി പറക്കുന്ന ചിത്ര ശലഭങ്ങളെ പോലെ സ്വദേശികളും വിദേശികളുമുൾപ്പെടെ ആയിരക്കണക്കിന് സന്ദർശകരാണ് പുഷ്പമേള കാണാനെത്തുന്നത്. വിടർന്ന് നിൽക്കുന്ന അറബിയും അനറബിയുമായ പതിനഞ്ച് ലക്ഷത്തിൽ പരം പൂക്കളെ അണിനിരത്തിയാണ് റിയാദ് മുനിസിപ്പാലിറ്റി മരുഭൂമിയിൽ പൂന്തോട്ടം തീർത്തിരിക്കുന്നത്. എണ്ണായിരം സ്ക്വയർ മീറ്റർ ചുറ്റളവിലാണ് കാഴ്ചക്കാരുടെ മനം കവരും വിധം പൂക്കൾ കൊണ്ട് പരവതാനി വിരിച്ചിട്ടുള്ളത്.

കൂറ്റൻ പൂച്ചെണ്ടുകളും, വർണ്ണ പൂക്കൾ കൊണ്ട് നിർമിച്ച ചിത്രശലഭവും, മേളയുടെ വിസ്മയക്കാഴ്ചയിൽ ചിലതാണ്. കൃഷിയുടെ ആവശ്യകത വിളിച്ചറിയിക്കുന്ന സ്റ്റാളുകളും ബോധവൽക്കരണ പവലിയനുകളും സജീവമാണ്. വസന്തം കഴിയുന്നതോടെ ഇല പൊഴിയുന്ന അലസിപൂമരം, ഓസ്‌ട്രേലിയയിലെ മൈർട്ടേസി സസ്യ കുടുംബത്തിൽ നിന്നെത്തിയ കാലിസ്റ്റിമോൺ, സംഗീത ഉപകരണങ്ങളും കൗതുകവസ്തുക്കളും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കരിമരം ഉൾപ്പെടുന്ന കുടുംബത്തിൽ നിന്നെത്തിയ എബണേസി തുടങ്ങി ഒട്ടനവധി മരങ്ങളും മേളയുടെ ഭാഗമായി പരിചയപ്പെടുത്തുന്നുണ്ട്.

ചിത്രം: ഫൈസൽ എൻ.വി

മണ്ണിൽ വിത്തിറക്കി ചെടികൾ ഉൽപാദിപ്പിക്കുന്ന പ്രക്രിയയും ചെടികളെയും പൂക്കളെയും പരിപാലിക്കേണ്ട രീതികളും പഠിപ്പിക്കുന്ന ക്ലാസ്സുകളിൽ പങ്കടുക്കുന്നവർക്ക് സൗജന്യ പൂക്കളും തൈകളും നൽകുന്നുണ്ട്. റിയാദ് അന്തരാഷ്ട്ര വിമാനത്താവളം ഉൾപ്പടെ പ്രധാന ഗവൺമെന്റ് വകുപ്പുകളുടെ പവലിയനുകൾ മേളയുടെ ഭാഗമാണ്. കുട്ടികൾക്കായി ഒട്ടനവധി വിനോദ വിജ്ഞാന പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിജയിക്കുന്നവർക്ക് വലിയ സമ്മാനങ്ങളും മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഫോട്ടോ പതിച്ച തൊപ്പികൾ, ബനിയനുകൾ, കോഫി കപ്പുകൾ, പേന, ബലൂൺ തുടങ്ങിയ സമ്മാനം നൽകി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ചിത്രം: ഫൈസൽ എൻ.വി

റിയാദ് ക്ലീൻ സിറ്റി ക്യാംപയിന്റെ ഭാഗമായി നിർദേശങ്ങളും പരാതികളും അറിയിക്കാൻ ഓൺലൈൻ മെഷീനുകൾ ഗ്രൗണ്ടിൽ നിരത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ മുനിസിപ്പാലിറ്റികൾ പുഷ്പമേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ തുറമുഖ നഗരിയായ യാമ്പുവിലാണ് ലോകത്തിലെ ഏറ്റവും വലിയ പുഷ്പമേളകളിലൊന്ന് നടക്കുന്നത്. യാമ്പുവിൽ പൂവണിഞ്ഞ ചെങ്കടൽ തീരം കാണാനെത്തിയത് ദശ ലക്ഷങ്ങളാണ്.

saudi arabia, fllower show

ചിത്രം: ഫൈസൽ എൻ.വി

രാജ്യത്തിന്റെ പടിഞ്ഞാറൻ നഗരമായ ത്വയിഫും പൂ ചൂടിയിട്ടുണ്ട്. കൊന്നപ്പൂ പൂത്ത് നിൽക്കുന്ന നയനാന്ദകരമായ കാഴ്ചയുടെ കാലമാണ് മലയാളിക്ക് വിഷു. അതുകൊണ്ട് തന്നെ റിയാദ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ച പുഷ്പമേള പ്രവാസി മലയാളിക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓർമ്മകൾ കൂടിയാണ്. വൈകിട്ട് നാല് മുതൽ രാത്രി പതിനൊന്ന് വരെയാണ് സന്ദർശകർക്ക് സമയം അനുവദിച്ചിട്ടുള്ളത്. ഏപ്രിൽ എട്ടിന് ശനിയാഴ്ച അവസാനിക്കും.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ