റിയാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതോടെ പ്രതീക്ഷയുടെ ചിറകുവിരിച്ച് പ്രവാസികള്‍. നിലവില്‍ സൗദിയില്‍ തുടരുന്നവര്‍ക്കും അവധിയില്‍ പോയി നാട്ടില്‍ കുടുങ്ങിയവര്‍ക്കും തീരുമാനം ആശ്വാസം നല്‍കും.
വിമാനസര്‍വിസ് നിലച്ചതിനെത്തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയവരുടെ വിസ സൗജന്യമായി പുതുക്കി നല്‍കിയിരുന്നു. ഈ കാലാവധി കഴിഞ്ഞവര്‍ക്ക് പ്രതിമാസത്തേക്കു 100 റിയാല്‍ അടച്ച് വിസ പുതുക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
രാജ്യത്തിനു പുറത്തുള്ളവരുടെ താമസരേഖ (ഇഖാമ) പുതുക്കാന്‍ സൗദിയില്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ വിദേശത്തുള്ള തൊഴിലാളിയുടെ ഇഖാമ പുതുക്കാൻ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തൊഴിലുടമയ്ക്ക് അനുമതി നല്കി. സന്ദര്‍ശകര്‍, തൊഴിലെടുക്കുന്നവര്‍, തീര്‍ത്ഥാടകര്‍ തുടങ്ങിയ വിഭാഗങ്ങളുടെ രാജ്യത്തേക്കുള്ള വരവും പോക്കും പൂര്‍ണമായും നിലച്ചത് വാണിജ്യമേഖലയെ വലിയ രീതിയില്‍ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
Also Read: യുഎഇയിൽ കോവിഡ് വാക്സിൻ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് അനുമതി
സീസണ് വില്‍പ്പന നടക്കാത്തതിനാല്‍ വന്‍ തോതില്‍ സ്റ്റോക്ക് കെട്ടിക്കിടന്നതിനാല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള വ്യാപാരസ്ഥാപപനങ്ങള് സാമ്പത്തിക ഞെരുക്കം നേരിട്ടു. വലുതും ചെറുതുമായ സ്ഥാപനങ്ങളില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കിട്ടുന്നതില്‍ താമസം നേരിട്ടതിനാല്‍ താമസരേഖ യഥാസമയം പുതുക്കാനാകാതെ ചിലര്‍ നിയമക്കുരുക്കിലാകാനും ഈ പ്രതിസന്ധി കാരണമായി.
ശമ്പളവര്‍ധന, പദവിമാറ്റം, ജോലി അവസാനിപ്പിച്ച് പോകുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ കൊടുക്കാനാകാതെ സ്ഥാപനങ്ങള്‍ വഴിമുട്ടിയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 15 മുതല്‍ ഭാഗികമായും ജനുവരി മുതല്‍ പൂര്‍ണമായും സൗദിയിലേക്കു പ്രവേശിക്കാനും പുറത്തേക്കുപോകാനും കഴിയുമെന്നത് വിപണിയില്‍ വലിയ മാറ്റമുണ്ടാക്കും. ഇതോടെ നിരവധി തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.