മനാമ: അനധികൃത വിദേശ തൊഴിലാളികള്‍ക്ക് നിയമ വിധേയമായി ജോലി ചെയ്യാന്‍ അവസരമൊരുക്കി ‘ഫ്‌ളെക്‌സിബിൾ വര്‍ക് പെര്‍മിറ്റ്’ ബഹ്‌റൈനില്‍ അനുവദിച്ചു തുടങ്ങി. ഞായറാഴ്ച മുതല്‍ സിത്ര വ്യവസായ മേഖലയിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ഓഫിസില്‍ നിന്നും ‘ഫ്‌ളെക്‌സിബിൾ വര്‍ക് പെര്‍മിറ്റ്’ അനുവദിക്കുന്നതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്ത 60 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് ആര്‍ക്കും ഫ്ലെക്‌സിബിള്‍ വര്‍ക്ക്‌പെര്‍മിറ്റിന് അപേക്ഷിക്കാം. വിസ ഇല്ലാത്തവരാണെങ്കില്‍ 15 ദിനാര്‍ പിഴ നല്‍കിയാല്‍ മതി. രണ്ടു വര്‍ഷത്തേക്കാണ് വിസ. ഫ്‌ളെക്‌സിബിൾ വര്‍ക് പെര്‍മിറ്റിന് അര്‍ഹരാണോയെന്നറിയാന്‍ 33150150 എന്ന നമ്പറിലേക്ക് സ്വന്തം മൊബൈലില്‍നിന്ന് സിപിആര്‍ നമ്പര്‍ മെസേജായി അയക്കണം. ഈ നമ്പറിലേക്കായിരിക്കും ഭാവിയില്‍ എല്‍എംആര്‍എ ബന്ധപ്പെടുക.
എല്‍എംആര്‍എയില്‍ അപേക്ഷിക്കുന്ന വേളയില്‍ 449 ദിനാര്‍ നല്‍കണം. വിസ ലഭിച്ച തൊഴിലാളി പ്രതിമാസം 30 ദിനാര്‍ അടക്കുകയും വേണം. മൊത്തം രണ്ടു വര്‍ഷത്തെ പെര്‍മിറ്റിനായി തൊഴിലാളി 1,169 ദിനാര്‍ ചെലവഴിക്കണം. ബഹ്‌റൈന്‍ ഫിനാന്‍സ് കമ്പനി ബ്രാഞ്ചുകളില്‍ ഫീ അടക്കാം. പ്രതിമാസ ഫീ അടച്ചില്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് റദ്ദാകും. മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയാണ് അനുവദിക്കുക.

ഫ്‌ളെക്‌സിബിൾ വര്‍ക് പെര്‍മിറ്റ് എടുക്കുന്നവര്‍ക്ക് എല്‍എംആര്‍എ നീല നിറത്തിലുള്ള കാര്‍ഡ് അനുവദിക്കും. ഇത് ആറുമാസം കൂടുമ്പോള്‍ സൗജന്യമായി പുതുക്കാം. ഇവര്‍ക്ക് രണ്ടുവര്‍ഷം വിവിധ തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കും. മുഴുവന്‍ സമയമോ പാര്‍ട് ടൈം ആയോ ജോലി ചെയ്യാം. താമസം, സോഷ്യല്‍ ഇന്‍ഷുറന്‍സ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്തം തൊഴിലാളിക്കുതന്നെയായിരിക്കും. ഫ്‌ളെക്‌സിബിള്‍ വര്‍ക്കര്‍, ഫ്‌ളെക്‌സിബിള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ എന്നിങ്ങനെ രണ്ടു തരം വര്‍ക്‌പെര്‍മിറ്റുകളാണ് അനുവദിക്കുന്നത്. കഫ്റ്റീരിയ, റസ്‌റ്ററന്റ്, ഹോട്ടല്‍, സലൂണ്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഫ്‌ളെക്‌സിബിള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ പെര്‍മിറ്റ് നല്‍കുന്നത്. ഇവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രതിമാസം 2,000 പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് എല്‍എംആര്‍എ അറിയിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ 48,000 ഫ്‌ളെക്‌സിബിൾ വര്‍ക് പെര്‍മിറ്റുകള്‍ അനുവദിക്കും. ഇതുവഴി സര്‍ക്കാരിന് 56 ദശലക്ഷം ദിനാറോളം വരുമാനമുണ്ടാകും.

2016 സെപ്തംബര്‍ 19നു ചേര്‍ന്ന മന്ത്രിസഭയാണ് ഫ്‌ളെക്‌സിബിൾ വര്‍ക് പെര്‍മിറ്റ്’നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഗള്‍ഫ് മേഖലയില്‍ സ്‌പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലി ചെയ്യാനും താമസിക്കാനും തൊഴിലാളിക്ക് അനുവാദം നല്‍കുന്ന ആദ്യ രാജ്യമായിരിക്കയാണ് ബഹ്‌റൈന്‍. ഈ സംവിധാനം അനധികൃതമായി നടക്കുന്ന ഫ്രീ വിസയുടെ വേരറുക്കുമെന്നാണ് നിഗമനം. ബഹ്‌റൈനില്‍ ഫ്രീ വിസ സംവിധാനം ഔദ്യോഗികമായി നിലവില്‍ ഇല്ല. എന്നാല്‍ സ്‌പോണ്‍സര്‍മാരില്‍നിന്നും വലിയ വിലക്ക് വിസ വാങ്ങി നിരവധി പേര്‍ രാജ്യത്തെത്തുന്നുണ്ട്. ഇത്തരക്കാര്‍ക്ക് പുതിയ സംവിധാനം ഏറെ ഗുണം ചെയ്യും. നിലവില്‍ ഇവര്‍ക്ക് ഫ്രീ വിസക്ക് രണ്ടായിരം ദിനാറിലധികം നല്‍കേണ്ടിവരുന്നു. പുതിയ സംവിധാനം ഇവര്‍ക്ക് ഏറെ ആശ്വാസകരമാണ്.

വിവിധ കാരണങ്ങളാല്‍ വിസയടക്കം മതിയായ രേഖകളില്ലാതെ ഇവിടെ തുടരേണ്ടിവന്നവര്‍ക്ക് നിയമവിധേയമായി തുടരാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുങ്ങുന്നത്. എന്നാല്‍, റണ്‍എവെ കേസുള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. എല്‍എംആര്‍എ സ്ഥാപിതമായതിന്റെ 10-ാം വാര്‍ഷികവേളയിലാണ് ഇത് നടപ്പാക്കുന്നത്. പുതിയ പദ്ധതി വഴി 10,000ത്തോളം അനധികൃത തൊഴിലാളികള്‍ക്ക് തൊഴില്‍ വിപണിയിലേക്ക് നിയമപരമായി പ്രവേശിക്കാനുള്ള സാധ്യത തെളിയുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യമേഖലയില്‍ താല്‍ക്കാലിക ജോലികള്‍ക്കായി അനധികൃത തൊഴിലാളികളെ ആശ്രയിക്കുന്ന സാഹചര്യം ഇതോടെ ഇല്ലാതാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

2015ലെ പൊതുമാപ്പ് വേളയില്‍ 31,894 പ്രവാസി തൊഴിലാളികള്‍ ബഹ്‌റൈനില്‍ ജോലി ചെയ്യാനുള്ള നിയമപരമായ രേഖകള്‍ ശരിയാക്കിയിരുന്നു. 10,125 പേര്‍ ബഹ്‌റൈന്‍ വിട്ടു. പൊതുമാപ്പിനു മുന്‍പ് ബഹ്‌റൈനില്‍ 60,000 അനധികൃത താമസക്കാരുണ്ടെന്നായിരുന്നു കണക്കാക്കിയിരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക്‌പെര്‍മിറ്റ് കോള്‍ സെന്ററായ 1710310 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഫ്‌ളെക്‌സിബിള്‍ വര്‍ക്ക്‌പെര്‍മിറ്റ് അപേക്ഷകര്‍ രാവിലെ 11നും വൈകിട്ട് ഏഴിനുമിടയില്‍ സിത്ര ഓഫീസില്‍ ബന്ധപ്പെടണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ