റിയാദ്: മുപ്പത്തി രണ്ടര ലക്ഷം ഇന്ത്യൻ തൊഴിലാളികൾ ഉണ്ടായിരുന്ന സൗദിയിൽ ഇപ്പോഴുള്ളത് ഇരുപത്തി ഏഴര ലക്ഷമെന്ന് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്. അഞ്ച് ലക്ഷം ഇന്ത്യക്കാർ സൗദി വിട്ടതായി അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലെ സ്വദേശിവത്കരണവും ലെവിയും തിരിച്ചു പോക്കിന് കാരണമായെന്നാണ് വിലയിരുത്തൽ.

നിയമ ലംഘകരായി രാജ്യത്ത് തങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് പൊതുമാപ്പ് സമയത്ത് നാടണഞ്ഞത്. ഭാഗികമായും പൂർണമായും സ്വദേശിവത്കരണം പ്രഖ്യാപിച്ച മൊബൈൽ ഷോപ്പുകൾ, പലഹാര കടകൾ, തുണിക്കടകൾ, ഒപ്റ്റിക്കൽസ്, വാടക കാറുകളുടെ ഓഫിസ് തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യക്കാരുടെ സാന്നിധ്യം സജീവമായിരുന്നു. ഈ മേഖലയിൽ നിന്നെല്ലാം കൊഴിഞ്ഞു പോക്ക് തുടരുകയാണ്. ഫ്രീ-ഫീസ സംവിധാനം പൂർണമായി അവസാനിച്ചതോടെ നാട്ടിൽ നിന്ന് പുതിയ വിസയിൽ തൊഴിലാളികൾ സൗദിയിലേക്ക് എത്തുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

സ്‌പോൺസറുടെ കീഴിൽ ബകാല (മിനി സൂപ്പർ മാർക്കറ്റ്), ബൂഫിയ (ചായക്കട) ഉൾപ്പടെയുള്ള ചെറുകിട സ്ഥാപനങ്ങളിൽ നിരവധി മലയാളികൾ മുതൽ മുടക്കിയും ജോലി ചെയ്തും സൗദിയിൽ കഴിഞ്ഞിരുന്നു. നിലവിലെ സാഹചര്യം പ്രതികൂലമായതിനാൽ പലരും വ്യാപാരം അവസാനിപ്പിച്ചു മടങ്ങി. 2017 ൽ ആശ്രിത ലെവി നടപ്പായതോടെ കുടുംബങ്ങൾ മടങ്ങാൻ തുടങ്ങിയിരുന്നു. അതേസമയം, ആശ്രിത ലെവി റദ്ദ് ചെയ്യുകയോ ഇളവ് ലഭിക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയിൽ തുടർന്ന പല കുടുംബങ്ങളും ഈ അധ്യയന വർഷം അവസാനിക്കുന്നതോടെ മടങ്ങും.

അടുത്ത ദിവസം നടക്കുന്ന സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനത്തിലും പലരും പ്രതീക്ഷയർപ്പിക്കുന്നുണ്ട്. തൊഴിൽ രംഗത്തും വാണിജ്യ രംഗത്തും ഇന്ത്യയും സൗദിയും കൈകോർക്കുന്ന എന്തെല്ലാം കരാറുകളാണ് ഉണ്ടാകുന്നതെന്ന ആകാംക്ഷയിലാണ് സൗദിയിലെ ഇന്ത്യൻ സമൂഹം.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook