സലാല: ഒമാനിലെ സലാലയില്‍ കടലില്‍ വീണ് മൂന്നു കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി. ടൂറിസ്റ്റ് കേന്ദ്രമായ അല്‍ മുഗ്‌സെയ്ല്‍ ബീച്ചിൽ ഞായറാഴ്ച വൈകീട്ടാണു സംഭവം.
ദുബൈയില്‍നിന്ന് എത്തിയ എട്ടംഗ ഉത്തരേന്ത്യന്‍ കുടംബമാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ മൂന്നു പേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സി ഡി എ എ) രക്ഷപ്പെടുത്തി. അഞ്ചുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു റോയല്‍ ഒമാനി പൊലീസ് അറിയിച്ചു.
ദോഫാര്‍ ഗവര്‍ണറേറ്റിലാണ് അപകടം നടന്ന അല്‍ മുഗ്സൈല്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഉയര്‍ന്നുപൊങ്ങിയ ശക്തമായ തിരമാലയില്‍ അഞ്ചുപേരും ഒലിച്ചുപോകുകയായിരുന്നു. സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫൊട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ശ്രമിക്കുന്നതും വിഫലമാകുന്നതും വീഡിയോയില്‍ കാണാം.
ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍കാലികമായി അടച്ചിടാന്‍ സി ഡി എ എ തീരുമാനിച്ചിരിക്കുകയാണ്. വിനോദസഞ്ചാരികള്‍ മുന്നറിയിപ്പുകളോട് കാണികുന്ന അനാസ്ഥയും കണക്കിലെടുത്താണു തീരുമാനം.
മോശം കാലാവസ്ഥയുടെ സാഹചര്യത്തില്‍ ബീച്ചുകളിലും മറ്റും പോകരുതെന്നു വിനോദസഞ്ചാരികള്‍ക്ക് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതൊന്നും ആളുകള്‍ വകവയ്ക്കുന്നില്ലെന്നാണ് അപകടങ്ങള്‍ തെളിയിക്കുന്നത്. ബീച്ചുകളിലും മറ്റുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളില്‍ ആറോളം പേരാണു മരിച്ചത്.
ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണു ഞായറാഴ്ച ലഭിച്ചത്. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. റോഡുകളും വെള്ളത്തിനടിയിലായി.