റിയാദ്: റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയുടെ പുണ്യം തേടി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്ന് മക്കയിലേക്ക് ഒഴുകിയത് ലക്ഷങ്ങൾ. കൊടും ചൂടിലും ഉംറ നിർവഹിക്കാനും മസ്ജിദിൽ ഹറമിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാനും വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഉംറ ഗ്രൂപ്പുകളിലും സ്വകാര്യ വാഹനത്തിലും, വിമാനത്തിലും വിശ്വാസികൾ മക്കയിലെത്തുന്നുണ്ട്. തീർഥാടകർക്ക് ഉംറ നിർവഹിക്കാനും ജുമുഅ നമസ്‌കാരത്തിനുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

റമസാനിലെ ആദ്യ ജുമുഅക്ക് ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് ആവശ്യമായ എല്ലാ ഒരുക്കങ്ങളും സിവിൽ ഡിഫൻസ് വിഭാഗം പൂർത്തിയാക്കിയിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങൾ സജ്ജമാണ്. അടിയന്തിര ഘട്ടങ്ങൾ നേരിടാൻ പ്രത്യേക സംഘത്തെ തന്നെ വിന്യസിച്ചിട്ടുണ്ട്. വൈദ്യസഹായം നൽകുന്നതിന് പ്രത്യേക വിശ്രമകേന്ദ്രങ്ങളും 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെല്ലാം പൊലീസ് താൽക്കാലിക പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഗതാഗത മന്ത്രാലയവുമായി സഹകരിച്ച് വാഹന പരിശോധനക്കും റോഡ് സുരക്ഷയ്ക്കുമായി സ്പെഷ്യൽ ഫോഴ്സ് രംഗത്തുണ്ട്.

ദിനേന എൺപതിനായിരത്തിൽ പരം വാഹനങ്ങളാണ് മക്കയിലേക്ക് എത്തുന്നത്. വാരാന്ത്യവും റമസാനിലെ ആദ്യ വെള്ളിയാഴ്ചയുമായ ഇന്ന് ഒരു ലക്ഷത്തിൽ പരം വാഹനങ്ങളാണ് ചെക്ക് പോസ്റ്റ് വഴി കടന്ന് പോയത്. വ്യാജ ടാക്സികളിൽ യാത്ര ചെയ്യുന്നവർക്കും വാഹന ഉടമയ്ക്കും പിഴ ഈടാക്കുന്നുണ്ട്. ട്രാഫിക് നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ വേണ്ടി മാത്രം രഹസ്യ പൊലീസ് സംഘങ്ങളും ക്യാംപ് ചെയ്യുന്നുണ്ട്. ഹറം പരിസരത്ത് തിരക്ക് കുറയ്ക്കാൻ ഗതാഗത നിയന്ത്രണമുണ്ടാകും. വിശ്വാസികൾക്ക് സമാധാനപൂർണവും ഭക്തിനിർഭരവുമായ അന്തരീക്ഷത്തിൽ ഉംറയും പ്രാർത്ഥനയും നിർവഹിക്കാൻ വേണ്ട എല്ലാ ഒരുക്കങ്ങളും സൗദി ഗവൺമെന്റ് പൂർത്തിയാക്കിയിട്ടുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ