അബുദാബി: അബുദാബി രാജ്യാന്തര ഭക്ഷ്യ മേള (എ ഡി ഐ എഫ് ഇ) ആദ്യ പതിപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനു റജിസ്ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ ആറു മുതല്‍ എട്ടു വരെ അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററിലാണു പ്രദര്‍ശനം.
പ്രാദേശികവും അന്തര്‍ദേശീയവുമായ വലിയ തോതിലുള്ള പങ്കാളിത്തത്തിനു എ ഡി ഐ എഫ് ഇയുടെ ആദ്യ പതിപ്പ് സാക്ഷ്യം വഹിക്കുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. ഇന്ത്യ, തുര്‍ക്കി, ബ്രസീല്‍, ഇറാന്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ, ഗ്രീസ്, ലെബനന്‍, മലേഷ്യ, തായ്ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, ലിത്വാനിയ, യുക്രെയ്ന്‍, റഷ്യ എന്നിവയുള്‍പ്പെടെ പതിനഞ്ചിലധികം രാജ്യങ്ങളുടെ പവലിയനുകള്‍ പ്രദര്‍ശനത്തിലുണ്ടാകും.
ഭക്ഷണം, പാനീയം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രമുഖ കമ്പനികളുടെ പങ്കാളിത്തം പ്രദര്‍ശനത്തിലുണ്ടാകും. ഈ സുപ്രധാന മേഖലകളിലെ നിരവധി വിദഗ്ധര്‍, തീരുമാനമെടുക്കുന്നവര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
ഗ്ലോബല്‍ ബയേഴ്സ് പ്രോഗ്രാം, യുഎഇ നാഷണല്‍ കോഫി ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വര്‍ക്ക് ഷോപ്പുകളും ലോകോത്തര പ്രത്യേക മത്സരങ്ങളും പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. ഇവയ്ക്കു പുറമെ ഭക്ഷ്യോല്‍പ്പാദനം, ഹോസ്പിറ്റാലിറ്റി, ഫുഡ് സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും പരിപാടികളുമുണ്ടാവും.
യു എ ഇ ദേശീയ ലാറ്റെ ആര്‍ട്ട് ചാമ്പ്യന്‍ഷിപ്പും അബുദാബിയിലെ വേള്‍ഡ് ഗൗര്‍മെറ്റ് ഷോയും ആളുകളെ ആകര്‍ഷിക്കും.