റിയാദ്: പ്രഥമ ആർക്കിയോളജി കൺവൻഷന് തലസ്ഥാന നഗരി വേദിയാകും. നവംബർ ഏഴ് മുതൽ ഒമ്പത് വരെ തലസ്ഥാനത്തെ കിങ് അബ്ദുൾ അസീസ് ഹിസ്റ്റോറിക്കൽ സിറ്റിയിലാണ് പരിപാടി. സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ കിങ് അബ്ദുൾ അസീസ് റിസേർച്ച് സെന്ററിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആർക്കിയോളജി ഇത്ര വിപുലമായി രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന കൺവൻഷനാണിത്. പ്രഥമ പരിപാടിയായതിനാൽ കാര്യമായ ഒരുക്കങ്ങളാണ് പരിപാടിക്കായി നടക്കുന്നത്. ലോകത്തിലെ പ്രമുഖരായ പുരാവസ്തു ശാസ്ത്രജ്ഞർ കൺവൻഷനിൽ പങ്കെടുക്കാൻ റിയാദിലെത്തുന്നുണ്ട്. പുരാവസ്തു ഉദ്ഖനനം, കണ്ടെത്തലുകൾ, വിവിധ വസ്തുക്കൾ കണ്ടെത്തുന്നതിനും മൂല്യം നിർണയിക്കുന്നതിനും സ്വീകരിക്കുന്ന രീതികൾ എന്നിവയെ കുറിച്ചുള്ള കൺവൻഷൻ പരിചയപ്പെടുത്തും.

പുരാവസ്തു മേഖലയുടെ വിവിധ മുഖങ്ങൾ പ്രതിപാദിക്കുന്ന പത്ത് പ്രദർശനങ്ങളും ഇതിനൊപ്പമുണ്ടാകും. ചരിത്രാതീത പുരാവസ്തുക്കൾ, ശിലാ ലിഖിതങ്ങൾ, ഹജ്, കച്ചവട പാതകൾ, അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ ഇസ്ലാം പൂർവകാലത്തെ ചരിത്രം, എന്നിവയെ കുറിച്ചാകും പ്രദർശനങ്ങൾ. കൺവൻഷനുള്ള ഒരുക്കങ്ങളും പ്രദർശന നഗരിയും ബത്ഹക്ക് സമീപമുള്ള കിങ് അബ്ദുൾ അസീസ് ഹിസ്റ്റോറിക്കൽ സെന്ററിൽ പുരോഗമിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ