മനാമ: തടവില്‍ കഴിയുന്ന പ്രവാസികളുടെ മോചിപ്പിക്കുന്നതിലൂടെ ജീവകാരുണ്യത്തിന്റെ പുതിയ വഴി തുറന്ന യുഎഇ കേന്ദ്രമായ പ്രമുഖ ഇന്ത്യന്‍ വ്യാപാരി ഫിറോസ് മര്‍ച്ചന്റ് സേവനം ബഹ്‌റൈനിലേക്കും വ്യാപിപ്പിക്കുന്നു. പ്രവാസ ജീവിതത്തിനിടെ വിവിധ കാരണങ്ങളാല്‍ ജയിലിലാവുകയും പിഴയടക്കാന്‍ വഴിയില്ലാതെ ജയിലില്‍ തന്നെ ജീവിതം തുടരുകയും ചെയ്യുന്നവരുടെ മോചനത്തിനാണ് ഇദ്ദേഹം മുന്നോട്ടു വരുന്നത്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഫിറോസ് മര്‍ച്ചന്റ് ഇന്നലെ ബഹ്‌റൈന്‍ നീതിന്യായ, ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫയുമായി ചര്‍ച്ച നടത്തി. ചര്‍ച്ച വിജയകരമായിരുന്നെന്നും തികച്ചും വ്യത്യസ്തമായ പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യുഎഇ കേന്ദ്രീകരിച്ച് 2009ല്‍ ഈ പദ്ധതി തുടങ്ങിയ ശേഷം 1200ലധികം തടവുകാരെ അവരുടെ സ്വന്തം നാട്ടിലേക്കു തിരിച്ചയക്കാനായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഏതാണ്ട് നാലു ദശലക്ഷം ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. ഒരു ദശലക്ഷം ഡോളര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. യുഎഇക്കുശേഷം സഹായം എത്തിക്കാന്‍ ശ്രമിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്‌റൈന്‍. ഇനി സൗദിയിലും ഇതര ജിസിസി രാജ്യങ്ങളിലും ഈ പദ്ധതി അധികാരികളുടെ മുന്നില്‍ അവതരിപ്പിക്കും. അതാതിടത്തെ നീതിന്യായ വ്യവസ്ഥയുടെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് ഇതു ചെയ്യുന്നത്. ഇതിന് ഏതെങ്കിലും എംബസികളുടെയോ സന്നദ്ധ സംഘടനകളുടേയോ പിന്തുണ തേടിയിട്ടില്ല. നേരിട്ടു സര്‍ക്കാര്‍ സംവിധാനങ്ങളുമായാണ് ഇടപെടുന്നത്. സഹായം ലഭിച്ചാല്‍ നാട്ടിലേക്കു മടങ്ങാന്‍ സാധ്യതയുള്ള തടവുകാരുടെ പട്ടിക അധികാരികളാണു തരുന്നത്. ഇതില്‍, ജാതി, മത,ലിംഗ, ദേശ ഭേദങ്ങള്‍ പരിഗണിക്കാറില്ല. എല്ലാ നാടുകളിലുള്ളവര്‍ക്കും സഹായമെത്തിക്കും. കൊലപാതകം, കൊള്ള പോലുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് സഹായം നല്‍കാറില്ല.

ബഹ്‌റൈനിലെ വിവിധ അതോറിറ്റികളുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. ഈ റമസാനില്‍ തന്നെ സഹായമെത്തിക്കുന്ന നടപടികള്‍ക്കു തുടക്കമിടാന്‍ സാധിക്കുമെന്നാണു കരുതുന്നത്. ഇത്തരം സഹായ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യത്വം മാത്രമാണു പരിഗണനയെന്നും ഇതു തന്റെ വ്യാപാരവുമായി കൂട്ടിക്കുഴക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ ‘പ്യൂര്‍ ഗോള്‍ഡറ’ സ്ഥാപകനും ചെയര്‍മാനുമാണ് ഫിറോസ് മര്‍ച്ചന്റ്. ‘ലാ മൊഡ’ സണ്‍ഗ്ലാസസ്, ‘പ്യൂര്‍ ഗോള്‍ഡ് പ്രോപര്‍ട്ടീസ്’ എന്നീ സംരംഭങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. ജിസിസിക്കു പുറമെ, ഏഷ്യയിലും ഏഷ്യ പെസഫിക് രാജ്യങ്ങളിലും ബിസിനസ് സജീവമാണ്. 2018ഓടെ, വിവിധ രാജ്യങ്ങളിലായി 300 ജ്വല്ലറി സ്‌റ്റോറുകള്‍ തുറക്കാനാണ് ‘പ്യൂര്‍ ഗോള്‍ഡ്’ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്തസമ്മേളനത്തില്‍ നുഹ്മാന്‍ ഹംസ, തജാമുല്‍ ബെയ്ഗ് റഷീദ് എന്നിവരും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ