/indian-express-malayalam/media/media_files/uploads/2017/04/imon-tile.jpg)
ദുബായ്: ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തില്‍ തീപിടുത്തത്തില്‍ മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന്‍ ബാലകൃഷ്ണന്‍ (26), ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് ഇമാന്‍ (32) എന്നിവരാണ് മരിച്ചത്. അല്‍ അറൂബ സ്ട്രീറ്റിലെ 16 നില കെട്ടിടത്തില്‍ പ്രാദേശിക സമയം 11. 24 (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി) ഓടെയാണ് തീപിടുത്തമുണ്ടായത്.
കെട്ടിടത്തില്‍ ഏറ്റവും താഴെയുള്ള രണ്ടു നിലകളിലാണ് അല്‍ മനാമ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടു നിലകളും പൂര്‍ണമായും കത്തി നശിച്ചു. പരുക്കേറ്റവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളികള്‍ വന്‍ തോതില്‍ ഇവിടെ താമസിക്കുന്നതായാണ് വിവരം. വെള്ളിയാഴ്ച അവധി ദിവസമായിരുന്നതിനാലും വിഷു പ്രമാണിച്ചും താമസിക്കാരില്‍ പലരും പുറത്ത് പോയതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും. ദീപന്‍ അവിടെ കാശ്യറായിരുന്നു. തീപിടിത്തത്തെ തുടര്‍ന്നു പുക ശ്വസിച്ചാണ് മരണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മൃതദേഹങ്ങള്‍ ഷാര്‍ജ കുവൈത്തി ആശുപത്രി മോര്‍ച്ചറിയില്‍.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. പൊലിസ് അന്വേഷണം ആംഭിച്ചതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ സമി ഖമീസ് അല്‍ നഖാബി അറിയിച്ചു. മലയാളികളുടെ ഉടമസ്ഥതയിലുള്ളതാണ് അല്‍ മനാമ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല. ഷാര്‍ജ-അജ്മന്‍ റോഡിലാണ് തീപിടുത്തമുണ്ടായ കെട്ടിടം. റസ്റ്ററന്റും ഷോപ്പിങ് മാളും അപ്പാര്‍ട്‌മെന്റുകളും തിയേറ്ററുകളുമടക്കം നിരവധി കെട്ടിടങ്ങള്‍ മേഖലയിലുണ്ട്. സിവില്‍ ഡിഫന്‍സ് എത്തി തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ അടുത്തുള്ള കെട്ടിടങ്ങളിലേക്കു പടര്‍ന്നില്ല. ഹെലികോപ്റ്റര്‍ വഴിയാണ് താമസക്കാരെ ഒഴിപ്പിച്ചത്. മുന്‍ കരുതലായി അടുത്ത കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.