മനാമ: ബഹ്‌റൈനിലെ മുഹറഖില്‍ തൊഴിലാളികളുടെ താമസ സ്ഥത്തുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ബംഗ്ലാദേശ് സ്വദേശികളായ അബ്ദുല്‍ സുമാന്‍ (27), അബ്ദുല്‍ ഷവാന്‍ (28), അബ്ദുല്‍ ഹാറൂണ്‍ (35) എന്നിവരാണു മരിച്ചത്.

മുഹറഖ് കസീന ഗാര്‍ഡനു സമീപത്തെ ഇരു നില കെട്ടിടത്തില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തില്‍ നിന്നു നൂറോളം പേരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തെ കുറിച്ച് ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നു കരുതുന്നു. സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തിയതിനാല്‍ ഉടനെ രക്ഷാ പ്രവര്‍ത്തനം നടത്തി.

പഴയ കെട്ടിടം പുതുക്കിയെടുത്ത് തൊഴിലാളികള്‍ക്ക് താമസിക്കാന്‍ നല്‍കുകയായിരുന്നു. വിവിധ മേഖലയില്‍ തൊഴിലെടുക്കുന്ന ബംഗ്ലാദേശ് തൊഴിലാളികളാണ് ഇവിടെ ഒരുമിച്ചു താമസിച്ചിരുന്നത്. 14 മുറികളുള്ള ഈ കെട്ടിടത്തില്‍ നൂറോളം പേര്‍ താമസിച്ചിരുന്നതായാണു വിവരം. തീപിടിത്തമുണ്ടായ ഉടനെ തുണികള്‍ കൂട്ടിക്കെട്ടി ജനല്‍ വഴിയാണു പലരും പുറത്തേക്കു ചാടിയത്. തൊഴിലാളികളെല്ലാം ഉറക്കത്തിലായിരുന്നു.

വസ്ത്രം, പാസ്‌പോര്‍ട്ട്, സിപിആര്‍, ഡ്രൈവിങ്ങ് ലൈസന്‍സ്, പണം എല്ലാം നഷ്ടമായതായി തൊഴിലാളികള്‍ പറഞ്ഞു. വിവിധ ബംഗ്ലാദേശ് സന്നദ്ധ സംഘടനകളും ബംഗ്ലാദേശ് എംബസിയും പ്രദേശത്തെ സ്വദേശികളും തൊഴിലാളികള്‍ക്കു ഭക്ഷണവും സഹായവും എത്തിച്ചു. ഇവര്‍ക്കു താമസ സൗകര്യം ഒരുക്കുന്നിതിനുള്ള ശ്രമം നടന്നു വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ