മസ്കറ്റ്: സൗദി അറേബ്യയ്ക്കും യു എ ഇയ്ക്കും പിന്നാലെ ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാനും. 60 ദിവസത്തെ കാലാവധിയുള്ള വിസയാണു ലഭിക്കുക.
പാസ്പോര്‍ട്ട് ആന്‍ഡ് സിവില്‍ സ്റ്റാറ്റസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ലെഫ്റ്റന്റ് കേണല്‍ അഹമദ് ബിന്‍ സഈദ് അല്‍ ഗഫ്രിയാണു വാര്‍ത്താ സമ്മേളനത്തില്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിക്കുന്ന കാര്യം അറിയിച്ചത്. വിസ സൗജന്യമാണ്. വിസ ഉടമയ്ക്ക് ഏറ്റവും അടുത്ത ബന്ധുക്കളെ ഒമാനില്‍ താമസിക്കാന്‍ കൂടെ കൊണ്ടുവരാം.
വിസ സാധുതയുള്ള കാലയളവില്‍ നിരവധി തവണ ഒമാനില്‍ വന്നുപോകാം. evisa.rop.gov.om എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഹോട്ടല്‍ റിസര്‍വേഷന്‍ ഉറപ്പാക്കി വേണം അപേക്ഷ നല്കാന്. ഒരു ഫൊട്ടോയും പാസ്പോര്‍ട്ടിന്റെ പകര്‍പ്പും യാത്രാ ടിക്കറ്റിന്റെ പകര്‍പ്പും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം.
ലോകകപ്പ് ഫുട്ബോള്‍ ആരാധകര്‍ക്കായി 11 ഗവര്‍ണറേറ്റുകളിലായി 20,000 ഹോട്ടല്‍ മുറികളും 200 റിസോര്‍ട്ടുകളുമാണ് ഒമാന്‍ ഒരുക്കിയിരിക്കുന്നത്. ഒമാന്‍ കണ്വന്ഷന് ആന്ഡ്് എക്സിബിഷന് സെന്ററിലെ ഒമാന്‍ ഗാര്‍ഡനില്‍ സംഘടിപ്പിക്കുന്ന വേള്‍ഡ് കപ്പ് ഫെസ്റ്റിവല്‍ പ്രധാന ആകര്‍ഷണമാവും. 9,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയമാണു ഫെസ്റ്റിവല്‍ ഒരുക്കുന്നത്. ഫുട്ബോള്‍ ആരാധകരെ ലക്ഷ്യമിട്ട് ദോഹയിലേക്ക് ഒമാന്‍ എയര്‍ നിരവധി പ്രതിദിന സര്‍വീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹയ്യ കാര്‍ഡുള്ളവര്‍ക്കു 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയാണു യു എ ഇ പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നു മുതലാണ് അപേക്ഷിക്കാനുള്ള സൗകര്യം നിലവില്‍ വന്നത്. വിസ ഫീസ് 100 ദിര്‍ഹമായി കുറച്ചിട്ടുണ്ട്. മുഴുവന്‍ കാലയളവിലും ഒരിക്കല്‍ മാത്രം അടച്ചാല്‍ മതിയാകും.
വിസ സാധുതയുള്ള കാലയളവില്‍ നിരവധി തവണ രാജ്യത്ത് പ്രവേശിക്കാന്‍ കഴിയുമെന്നും അതോറിറ്റി വ്യക്തമാക്കി. യു എ ഇയുടെ നിലവിലെ വിസ സമ്പ്രദായത്തില്‍ പിന്തുടരുന്ന വ്യവസ്ഥകളും നടപടിക്രമങ്ങളും സാധാരണ ഫീസും അനുസരിച്ച് വിസ 90 ദിവസത്തേക്കു കൂടി നീട്ടാം.
ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 60 ദിവസം വരെയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുമെന്നു സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വഴി ഇലക്ട്രോണിക് വിസ നേടുന്നവര്‍ക്കു ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുന്‍പാണ് സൗദി പ്രവേശനം അനുവദിക്കുക.
വിസാ സാധുത കാലയളവില്‍ നിരവധി തവണ സൗദിയില്‍ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. സൗദിയില്‍ എത്തുന്നതിനു മുന്‍പു ഖത്തര്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല.
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പ് കാണാനെത്തുന്നവര്‍ക്കുള്ള ഓള്‍റൗണ്ട് പെര്‍മിറ്റാണ് ഹയ്യ കാര്‍ഡ്. ആദ്യം പ്രിന്റ് ചെയ്ത കാര്‍ഡായിരുന്ന ഹയ്യ കാര്‍ഡ് ഇപ്പോള്‍ ഡിജിറ്റലായാണു നല്‍കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണ്. ടിക്കറ്റുകള്‍ വാങ്ങിയ ശേഷം കാര്‍ഡിനായി പ്രത്യേകം അപേക്ഷ നല്‍കണം.