റിയാദ്: വിദേശ വനിതാ ടൂറിസ്റ്റുകള്‍ക്കു പര്‍ദ നിര്‍ബന്ധമല്ലെന്നു സൗദി അറേബ്യ നാഷണല്‍ കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെരിറ്റേജ് ഡയറക്ര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഹ്മദ് അല്‍ ഖതീബ്. റിയാദ് ദിരിയയില്‍ നടന്ന സൗദി ടൂറിസ്‌റ് വിസ പ്രഖ്യാപനച്ചടങ്ങിലാണു പുതിയ വിനോദസഞ്ചാര നയങ്ങള്‍ അറിയിച്ചത്.

”സൗദി സന്ദര്‍ശനത്തിനിടെ വിദേശവനിതകളെ പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കില്ല. എന്നാല്‍ സംസ്‌കാരത്തെ ഹനിക്കാത്ത മാന്യമായ വസ്ത്രം ധരിക്കണം. ഇതേക്കുറിച്ച് മുന്‍കൂട്ടി വനിതാ ടൂറിസ്റ്റുകളെ അറിയിക്കുകയും ഇക്കാര്യത്തില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. പര്‍ദ ധരിക്കാന്‍ വിദേശ ടൂറിസ്റ്റുകളെയും സൗദിയില്‍ കഴിയുന്ന വിദേശികളെയും നിര്‍ബന്ധിക്കില്ല. മാന്യമായ വേഷവിധാനങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും. 18 വയസ് തികഞ്ഞ ആര്‍ക്കും രക്ഷാകര്‍ത്താവില്ലാതെ സൗദിയില്‍ പ്രവേശിക്കാം. ഇതുസംബന്ധിച്ച് നിലവിലെ നിയമത്തില്‍ ഇളവ് വരുത്തി,” അഹ്മദ് അല്‍ ഖതീബ് പറഞ്ഞു.

നിബന്ധനകളില്‍ ഇളവ് വരുത്തിയോടെ ടൂറിസം രംഗത്ത് വലിയ കുതിപ്പുണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. വിഷന്‍ 2030 ന്റെ ഭാഗമായി സൗദിയില്‍ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലെ പ്രധാന ഇനമാണു ടൂറിസം വരുമാനം. അഞ്ച് യുനെസ്‌കോ പൈതൃക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പതിനായിരത്തോളം ടൂറിസം കേന്ദ്രങ്ങളാണു സൗദിയിലുള്ളത്. നിയോം, അല്‍ ഉല, ക്വിദ്ദിയ, ചെങ്കടല്‍ പദ്ധതികള്‍ തുടങ്ങി വന്‍കിട വിനോദസഞ്ചാര കേന്ദ്രങ്ങളാണു പുരോഗമിക്കുന്നത്.

ഇപ്പോള്‍ പ്രഖ്യാപിച്ച ഇ വിസ, ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ ലോക ഹബ്ബുകളെ ലക്ഷ്യം വച്ചുള്ളതാണ്. ലോക ടൂറിസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളുള്ള ചൈന, ജപ്പാന്‍, അമേരിക്ക എന്നീ ഹബ്ബുകളില്‍നിന്നുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണു പ്രഥമ ലക്ഷ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook