റിയാദ്: ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്കായി സൈക്കിള്‍ റേസ് സംഘടിപ്പിച്ചതിന് പിന്നാലെ ഫാഷന്‍ വീക്ക് സംഘടിപ്പിച്ച് സൗദി അറേബ്യ. ബ്രസീല്‍, അമേരിക്ക, റഷ്യ തുടങ്ങിയ ഇടങ്ങളില്‍ നിന്നൊക്കെയുളള ഡിസൈനര്‍മാരും പങ്കെടുക്കുന്നുണ്ട്.

സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സൗദി നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായാണിത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് ശ്രദ്ധേയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരുന്നത്. റിയാദില്‍ അപെക്‌സ് സെന്ററാണ് അറബ് ഫാഷന്‍ വീക്കിന്റെ വേദി. കഴിഞ്ഞ ഡിസംബറില്‍ അറബ് ഫാഷന്‍ കൗണ്‍സില്‍, റിയാദില്‍ പ്രാദേശിക കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

ലോക നിലവാരത്തിലുള്ള ഫാഷന്‍ വീക്കിനാണ് റിയാദ് വേദിയായത്. റഷ്യന്‍ നൃത്താഭിനയത്തോടെ ശനിയാഴ്‌ച ഫാഷന്‍ വീക്ക് അവസാനിക്കും. സ്ത്രീകള്‍ക്ക് മാത്രമാണ് ഫാഷന്‍ വേദിയില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. അതുപോലെ പുറത്തുനിന്നുളള ക്യാമറകള്‍ക്കും വിലക്കുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും രാജ്യത്ത് ഫാഷന്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും സ്ത്രീകള്‍ പങ്കെടുത്തിരുന്നില്ല. ദുബായ് അടിസ്ഥാനമാക്കിയുളള അറബ് ഫാഷന്‍ കൗണ്‍സിലിന്റെ സൗദി ഡയറക്ടര്‍ ലൈല ഇസ അബസെയ്ദ് ആണ് ഫാഷന്‍ വീക്കിന്റെ സംഘാടക. ഫാഷന്‍ വീക്കില്‍ 1500ലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ലൈല പറഞ്ഞു.

സൗദി സ്ത്രീകളെ പൊതുസ്ഥലത്ത് അബായകള്‍ ധരിച്ച് പ്രത്യക്ഷപ്പെടാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് നേരത്തെ മുതിര്‍ന്ന മത പണ്ഡിതന്‍ വ്യക്തമാക്കിയിരുന്നു. കുറച്ച് നാളുകളായി സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പരിഷ്‌കാര നടപടികളുടെ നീണ്ടനിര തന്നെ നടപ്പാക്കി വരികയാണ്.

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ്, വിവിധ വകുപ്പുകളില്‍ നിയമനം, സ്ത്രീകള്‍ക്ക് പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാം, തിയേറ്ററുകള്‍ക്ക് അനുമതി, എന്നിവയുള്‍പ്പെടെ ശ്രദ്ധേയമായ പരിഷ്‌കാരങ്ങളാണ് നടപ്പാക്കി വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ