റിയാദ്: തന്റെ ഐഡിയിൽ മറ്റൊരാൾ സിം കാർഡ് ഉപയോഗിച്ചതിന്റെ പേരിൽ ദുരിതമനുഭവിക്കേണ്ടി വന്നത് മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് റഫീഖിനാണ്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് റഫീഖ് ഇഖാമ പുതുക്കാനായി രേഖകൾ സമർപ്പിച്ചപ്പോൾ സൗദിയുടെ ദക്ഷിണ പ്രവിശ്യയിലെ അൽ ബഹയിലെ ബൽകർണി പൊലീസ് സ്റ്റേഷനിൽ കേസുള്ളതായും അവിടെ ഹാജരായി പൊലീസ് ക്ലീറൻസ് നൽകാനും ആവശ്യപ്പെട്ടു. കാര്യങ്ങൾ മനസ്സിലാക്കാനായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

തന്റെ പേരിൽ സിം കാർഡ് മറ്റൊരാൾ ഉപയോഗിച്ചുവെന്ന് റഫീഖ് അറിയുന്നത് പോലും അവിടെ നിന്നാണ്. വലിയ ക്രിമിനലുകളാണ് സിം ഉപയോഗിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ റഫീഖിന് ബോധ്യപ്പെട്ടു. എവിടെ നിന്നോ സിം കാർഡ് വാങ്ങിയപ്പോൾ നൽകിയ ഇഖാമ കോപ്പി ദുരുപയോഗം ചെയ്യപ്പെട്ടതാണെന്നും താൻ കെണിയിൽ പെട്ടെന്നും റഫീഖിന് മനസ്സിലായതോടെ റിയാദിലെ സഹ പ്രവർത്തകനായ സഫീർ കരുനാഗപ്പള്ളിയെ ബന്ധപ്പെട്ടു. സഫീർ വിഷയം ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹികളെ അറിയിച്ചു.

ജില്ലാ കമ്മറ്റി സാമൂഹ്യ പ്രവർത്തകരായ മൊയ്‌തീൻ കുട്ടി തെന്നല,സജ്ജാദ് ഖാൻ, അഷ്‌റഫ് വടക്കേവിള, അമീർ പട്ടണത്ത് എന്നിവരുടെ സഹായം തേടി. അവർ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമ സഹായങ്ങൾ ഉറപ്പു വരുത്തി. തുടർന്ന് അൽ ബഹയിലെ സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് കുറ്റിച്ചൽ വകുപ്പ് മേധാവികളുമായി നിരന്തരം ബന്ധപ്പെട്ടാണ് റഫീഖിനെ മോചിപ്പിക്കാനായത്. നിരപരാധിയെന്ന് ബോധ്യപ്പെട്ടപ്പെട്ടപ്പോൾ ഇരുപത് ദിവസത്തിന് ശേഷമാണ് മോചനം സാധ്യമായത്.

വ്യാജ സിം കാർഡുകൾ സംബന്ധിച്ച് നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. സിം കാർഡുകൾ വാങ്ങുമ്പോൾ കമ്പനികളുടെ നേരിട്ടുള്ള ഔട്ട്‌ലെറ്റ് വഴി തന്നെ വാങ്ങുന്നതാണ് സുരക്ഷിതം. അല്ലാത്ത പക്ഷം ഐഡി കോപ്പി ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്റർനെറ്റ് വൈഫികളും ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഒരാളുടെ ഐഡിയിൽ എത്ര നമ്പറുകളുണ്ടെന്ന് അറിയാൻ //portalservices.citc.gov.sa/E-Services/MyNumbers/MyNumbersInquiry.aspx ഈ ലിങ്ക് ഉപയോഗിച്ച് പരിശോധിക്കാം. ഉപയോഗിക്കാത്ത സിം കാർഡുകൾ ഐഡിയിൽ ഉണ്ടെങ്കിൽ മൊബൈൽ കമ്പനികളുടെ ഓഫീസിലെത്തി ക്യാൻസൽ ചെയ്യുകയും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുകയും വേണമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

വാർത്ത: നൗഫൽ പാലക്കടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ