റിയാദ്: സൗദി അറേബ്യയിൽ നിലവിലുള്ള കുടുംബ ലെവി ഉൾപ്പടെ എല്ലാ നികുതികളും ഫീസുകളും പിൻവലിച്ചു എന്ന പ്രചാരണം സജീവമാണ്. സോഷ്യൽ മീഡിയയിലാണ് ഇത് സംബന്ധിച്ച ശബ്ദസന്ദേശങ്ങളും പോസ്റ്റുകളും ഒഴുകുന്നത്. കിട്ടിയ മുറിയറിവുകൾ വച്ച് ചിലർ പ്രചരിപ്പിക്കുന്ന വ്യാജ വാർത്ത മാത്രമാണിത്. സൗദി അറേബ്യയിൽ പുതിയതായി നിലവിൽ വന്ന ഒരു നിയമവും പിൻവലിക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടില്ല.

2018 ൽ നിശ്ചിത തീയതി പ്രഖ്യാപിച്ച് നിലവിൽ വരുമെന്ന് ഔദ്യോഗികകമായി സർക്കാർ സംവിധാനങ്ങൾ അനൗൺസ് ചെയ്ത പദ്ധതികളിലൊന്നും മാറ്റമില്ല. അതേസമയം, തീയതികളൊന്നും പറയാതെ 2018 ൽ നടപ്പിലാക്കാൻ പദ്ധതിയുണ്ടായിരുന്നു എന്നാൽ ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ചില നിയമങ്ങൾ മാത്രമാണ് താത്കാലികമായി നടപ്പിലാക്കുന്നില്ല എന്ന് അറിയിച്ചത്. ഈ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു. അറിഞ്ഞും അറിയാതെയും ഇത്തരം വ്യാജ പ്രചാരങ്ങളിൽ പങ്കാളികളാക്കരുതെന്ന് മന്ത്രാലയങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വ്യാജ വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന സൗദി അറേബ്യയിൽ സൈബർ കുറ്റമാണ്. നിയമങ്ങൾ നിലവിൽ വരുന്നതും പിൻവലിക്കുന്നതും വിവിധ വകുപ്പുകളുടെ വെബ്സൈറ്റിൽ അതാത് സമയത്ത് അപ്ഡേറ്റ് ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജ വാർത്തകൾ മൊബൈലിൽ എത്തുമ്പോഴേക്കും അതിവേഗം മറ്റൊരു മൊബൈലിലേക്കെത്തിക്കാനുള്ള വെമ്പലിൽ വാർത്തയുടെ നിജസ്ഥിതി മനസ്സിലാക്കാൻ ആരും തുനിയുന്നില്ല.

സാധാരണക്കാരായ പ്രവാസികൾ മുതൽ ഉന്നത തസ്തികകളിൽ ജോലിചെയ്യുന്നവരും അറിഞ്ഞോ അറിയാതെയോ വ്യാജ വാർത്തയുടെ വാഹകരാകുന്നുണ്ട്. സ്വദേശത്തും ഈ വിഷയങ്ങൾ സജീവ ചർച്ചയാണെന്നിരിക്കെ വ്യാജ പ്രചാരങ്ങൾക്ക് വലിയ സ്വീകാര്യതയാണ് കിട്ടുന്നത് എന്നതാണ് ഇത്തരം ശബ്ദ സന്ദേശങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും തുടരെ തുടരെ നിർമിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. വാർത്തകളുടെ ഉറവിടം നോക്കാതെ വ്യാജ പ്രചാരങ്ങളിൽ പങ്കാളികളാകുന്നതിൽ മലയാളികളും പിറകിലല്ല.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ