ജിദ്ദ: കിർഗിസ്ഥാനിൽ ഉന്നത സൈനിക പദവി നേടിയ ആൾ എന്ന രീതിയിൽ വിവിധ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന കോഴിക്കോട് ജില്ലയിലെ എരവന്നൂർ സ്വദേശിയും, ജിദ്ദയിലെ പ്രവാസി സംരംഭകനുമായ ഷെയ്ഖ് മുഹമ്മദ് റഫീക്കിന്റെ അവകാശവാദങ്ങൾ വ്യാജമെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നു. വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് രാജ്യത്തിന് അപകീർത്തികരമായ രീതിയിൽ പ്രവർത്തിച്ചതിന് ഷെയ്ഖ് റഫീക്കിനുണ്ടായിരുന്ന കിർഗിസ്ഥാൻ പൗരത്വം റദ്ദാക്കിയതായും ഇത് സംബന്ധിച്ച് കിർഗിസ്ഥാൻ പ്രസിഡന്റ് അൽ മസ്‌ബെക് അത്തൻബയേവ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പൗരത്വം റദ്ദാക്കിയ കാര്യം സൗദിയിലെ കിർഗിസ്ഥാൻ അംബാസഡർ അബ്​ദുലത്തീഫ്​ ജുമാബേവും ​ സ്​ഥിരീകരിച്ചു.

കിർഗിസ്​ഥാൻ സർക്കാരിലും സൈന്യത്തിലും വലിയ സ്വാധീനമുള്ളയാൾ എന്ന നിലയിൽ അദ്ദേഹം പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട്​ ഇയാൾക്കെതിരെ സൗദി അറേബ്യയിൽ നിന്നും, ഇന്ത്യയിൽ നിന്നും കഴിഞ്ഞ മാർച്ചിൽ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ കിർഗിസ്​ഥാൻ സർക്കാർ റഫീഖിനെതിരെ അന്വേഷണം നടത്തിയത്. പരാതി ശരിയാണെന്ന്​ ബോധ്യപ്പെട്ടതി​ന്റെ അടിസ്​ഥാനത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. കിർഗിസ്​ഥാ​ന്റെ പാസ്​പോർട്ട്​ ഇദ്ദേഹത്തിനുണ്ടായിരുന്നു എന്നതല്ലാതെ സൈന്യവുമായോ സർക്കാരുമായോ ഇയാൾക്ക്​ യാതൊരു ബന്ധവുമില്ലെന്ന്​ അംബാസഡർ പറഞ്ഞു.

കിർഗിസ്​ഥാൻ സൈന്യത്തിലെ മേജർ ജനറൽ പദവി ലഭിച്ച മലയാളി എന്ന രീതിയിൽ 2017ജനുവരി ആദ്യത്തിലാണ്​ വാർത്തകൾ വന്നത്​. മലയാളത്തിലെ പ്രമുഖ അച്ചടി-ദൃശ്യമാധ്യമങ്ങളിലും, യുഎഇയിൽ നിന്നുമിറങ്ങുന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിലും ഷെയ്ഖ് റഫീക്കിന്റെ അപൂർവ നേട്ടത്തെകുറിച്ച്​ വാർത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചിരുന്നു.

മാർക്കറ്റിൽ നിന്ന്​ ലഭ്യമാവുന്ന പട്ടാളയൂണിഫോമാണ്​ ഇദ്ദേഹം ഉപയോഗിച്ചത്​ എന്നും ഇദ്ദേഹത്തിന് ​ കിർഗിസ്​ഥാൻ സൈന്യവുമായി ഒരു ബന്ധവുമില്ലെന്നും അംബാസഡർ വ്യക്​തമാക്കി. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്​ഥരോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും വ്യാജമാണ്.

സൗദിയിലെത്തുന്ന കേരളത്തിലെ ഉന്നത മത രാഷ്​ട്രീയ നേതാക്കൾ റഫീഖുമായി കുടിക്കാഴ്​ച നടത്താറുണ്ട്​. സൗദിയിലും വലിയ സ്വാധീനമുള്ളയാൾ എന്ന നിലയിലാണ്​ ഇദ്ദേഹം അറിയപ്പെടുന്നത്​. കുറച്ച് മാസങ്ങളായി ഓൺലൈൻ, ദൃശ്യ, അച്ചടി മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ വിഷയത്തിന്റെ സത്യാവസ്ഥ കിർഗിസ്ഥാൻ സർക്കാരിന്റെ സർക്കുലറിലൂടെ വെളിപ്പെട്ടിരിക്കുകയാണ്.

വാര്‍ത്ത: നാസര്‍ കാരക്കുന്ന്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ