ദുബായ്: നാട്ടിലേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട് ദുബായിലും യുഎഇയിലെ മറ്റ് വടക്കൻ എമിറേറ്റ്സുകളിലുമുള്ള പ്രവാസികൾ ഇന്ത്യൻ കോൺസുലേറ്റിൽ നേരിട്ട് എത്തുന്നത് ഒഴിവാക്കണമെന്ന് നിർദേശം. പകരം ടെലഫോൺ, ഇമെയിൽ എന്നിവ വഴിയോ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വഴിയോ ബന്ധപ്പെടണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പ്രവാസികളോട് അഭ്യർത്ഥിച്ചു.

Read More: കോവിഡ് അടച്ചിടല്‍: അജ്മാനില്‍ കൂടുതല്‍ ഇളവുകള്‍

ദുബായിലെ താപനില ഉയർന്ന സാഹചര്യത്തിലും കോവിഡിനെത്തുടർന്നുള്ള സാമൂഹ്യ അകല മാനദണ്ഡങ്ങൾ പാലിക്കുന്നതിനായും പ്രവാസികൾ കോൺസുലേറ്റ് സന്ദർശനം ഒഴിവാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാസികൾക്ക് മടക്കയാത്രക്കുള്ള അവസരമുണ്ടാവും. മടക്കയാത്രയുമായി ബന്ധപ്പെട്ട് പ്രവാസികൾ പരിഭ്രാന്തരാവരുതെന്നും അദ്ദേഹം പറഞ്ഞു.

800 76 342 എന്ന ടോൾ ഫ്രീ നമ്പറിൽ കോൺസുലേറ്റുമായി ബന്ധപ്പെടാം. 24 മണിക്കൂറും ലഭ്യമാവുന്ന 0565463903, 0543090575 എന്നീ നമ്പറുകളിലും cons2.dubai@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും പ്രവാസികൾക്ക് ഇന്ത്യൻ നയതന്ത്ര കാര്യാലയത്തെ ബന്ധെപ്പടാൻ സാധിക്കും. കോൺസുലേറ്റിന്റെ ട്വിറ്റർ (@cgidubai), ഫേസ്ബുക്ക് (facebook.com/IndianConsulate.Dubai) പേജുകൾ എന്നിവയെയും പ്രവാസികൾക്ക് ആശ്രയിക്കാം. ഇവയിൽ വരുന്ന സന്ദേശങ്ങളും കോൺസുലേറ്റ് നിരന്തരം ശ്രദ്ധിക്കുന്നുണ്ടെന്ന് കോൺസുൽ ജനറൽ അറിയിച്ചു.

Read More: സാധാരണ ജീവിതത്തിലേക്ക് ദുബായ്; മാളുകളും സിനിമാ തിയറ്ററുകളും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും

നാട്ടിലേക്ക് മടക്കയാത്രയ്ക്കുള്ള തുടർ നടപടികളും പ്രതീക്ഷിച്ച് നിരവധി പ്രവാസികളാണ് പ്രതിദിനം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ എത്തിച്ചരുന്നത്. കനത്ത ചൂട് പോലും സഹിച്ചാണ് മലയാളികളടക്കമുള്ള പ്രവാസികൾ മണിക്കൂറുകളോളം നയതന്ത്ര കാര്യാലയത്തിനു മുന്നിൽ കാത്തു നിൽക്കുന്നത്. നാട്ടിലേക്ക് മടങ്ങാൻ രജിസ്ട്രർ ചെയ്ത പ്രവാസികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് വിമാന യാത്രയ്ക്ക് അവസരം നൽകുന്നത്. ഇതിൽ യാതൊരു പക്ഷപാതിത്വവുമില്ലെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞു.  ഇന്ത്യയിലേക്കുള്ള വിമാന സൗകര്യത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook