റിയാദ്: സൗദി അറേബ്യയുടെ ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിദേശികൾക്കായി പ്രഖ്യാപിച്ച പ്രിവിലേജ് ഇഖാമക്കായി അപേക്ഷ സ്വീകരിച്ചു തുടങ്ങി. https://saprc.gov.sa/ എന്ന വെബ്സൈറ്റ് വഴി പ്രിവിലേജ് ഇഖാമക്കായി വിദേശികൾ അപേക്ഷിച്ചു തുടങ്ങി. സൗദിയിൽ മുതൽ മുടക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. നിലവിൽ വിദേശികൾക്ക് സൗദിയിൽ നേരിട്ട് ബിസിനസ് ചെയ്യുന്നത് അത്ര എളുപ്പമല്ല. സാജിയ (ഇൻവസ്റ്റർ ലൈസൻസ്) വഴിയും, വിദേശ കമ്പനികളുടെ ശാഖകളായുമാണ് സൗദിയിൽ വിദേശികൾ മുതൽ മുടക്കുന്നത്. എന്നാൽ നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ട ഈ മാർഗങ്ങളൊന്നും ചെറുകിടക്കാർക്ക് പ്രാപ്യമല്ല.
അതേസമയം, പ്രിവിലേജ് ഇഖാമ ലഭിക്കാനുള്ള കടമ്പ അത്ര കഠിനമല്ല. ആജീവനാന്ത താമസ രേഖയ്ക്ക് (ഇഖാമ) എട്ട് ലക്ഷം റിയാലും, വാർഷിക ഇഖാമക്ക് പ്രതിവർഷം ഒരു ലക്ഷം റിയാലുമാണ് ഫീസ് നൽകേണ്ടത്. 21 വയസിന് മുകളിൽ പ്രായമുള്ള ആർക്കും പുതിയ ഇഖാമക്ക് അപേക്ഷിക്കാം. സാമ്പത്തിക ശേഷിയുണ്ടെന്ന് ബോധിപ്പിക്കുന്ന രേഖയും, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കണം. അപേക്ഷകർ ഏതെങ്കിലും രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാകരുത്. ഇതാണ് നിലവിൽ മന്ത്രാലയം പുറത്തുവിട്ട മാനദണ്ഡങ്ങൾ. ഇഖാമ ലഭിച്ചാൽ സ്പോൺസറില്ലാതെ സ്വന്തമായി സ്ഥാപനങ്ങൾ ആരംഭിക്കാനും, ഗാർഹിക വിസയിൽ ജോലിക്കാരെ കൊണ്ടുവരുന്നതും, ഉൾപ്പടെ നിരവധി ആനുകൂല്യങ്ങളുണ്ട്.
ആശ്രിത വിസയിൽ സൗദിയിൽ കഴിയുന്നവർക്ക് നിലവിൽ നൽകിവരുന്ന ലെവി നൽകേണ്ടതില്ല എന്നതും പുതിയ ഇഖാമയുടെ പ്രത്യേകതയാണ്. സ്ഥാപനങ്ങൾ ആരംഭിക്കുമ്പോൾ എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുക എന്നതാണ് ഇപ്പോൾ സംരംഭകർ അന്വേഷിക്കുന്നത്. സ്ഥാപനത്തിനാവശ്യമായ ജീവനക്കാരെ കൊണ്ട് വരുന്നതിന് വിസയും മറ്റ് അടിസ്ഥാന സഹായങ്ങളും ലഭിക്കുകയാണെങ്കിൽ പ്രിവിലേജ് ഇഖാമ സ്വന്തമാക്കാൻ ഇന്ത്യക്കാരുൾപ്പടെ നിരവധി വിദേശികൾ മുന്നോട്ട് വരുമെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പ്രതീക്ഷ പ്രകടിപ്പിച്ചു.
സൗദി അറേബ്യയിൽ നിയമാനുസൃതം മുതൽ മുടക്കാനുള്ള ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് പുതിയ പദ്ധതി നിലവിൽ വരുന്നത്. വ്യവസായ രംഗത്ത് ഇത് വലിയ രീതിയിലുള്ള മാറ്റത്തിന് തുടക്കമാകുമെന്ന് ജിസിസിയിലെ വിവിധ ഇന്ത്യൻ ബിസിനസ് സംഘടനകൾ അഭിപ്രായപ്പെട്ടു. ചെറുകിട സ്ഥാപനങ്ങളുടെ ശൃംഖലകളുള്ളവർ, നിർമ്മാണ കരാർ രംഗത്ത് മുതൽ മുടക്കുന്നവർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ സെന്ററുകൾ തുടങ്ങി നിലവിൽ സ്ഥാപനങ്ങൾ ഉള്ളവർക്ക് നിയമാനുസൃതമാക്കാനും പുതിയത് ആരംഭിക്കുന്നതിനും ഇതൊരു സുവർണാവസരമാകും.
സ്പോൺസർ ഇല്ലാത്ത പ്രിവിലേജ് ഇഖാമ ഉടമകൾക്ക് ബാങ്ക്, യാത്ര, മറ്റ് ബിസിനസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സ്വന്തമായി ഇടപെടാനാകും. നിലവിൽ സൗദിയിൽ സ്പോൺസറുടെ അനുമതിയില്ലാതെ യാത്ര ചെയ്യാനോ സ്ഥാപനങ്ങളുടെ മറ്റ് ഇടപാടുകളിൽ ഇടപെടാനോ കഴിയില്ല. ഇതിനെല്ലാം പൂർണ സ്വാതന്ത്ര്യം നൽകുന്നത് കൂടിയാണ് പുതിയ സംവിധാനം. അതേസമയം, ചെറിയ വരുമാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ കുറഞ്ഞ വരുമാനക്കാരായ വിദേശികൾക്കോ പ്രിവിലേജ് ഇഖാമ കൊണ്ട് കാര്യമായ ഗുണങ്ങളൊന്നുമുണ്ടാകില്ല എന്നാണ് പുറത്ത് വന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.