അബുദാബി: യുഎഇയിലെ പ്രവാസികള്‍ നാട്ടിലേക്കു പണമയയ്ക്കുന്നതു 2.5 ശതമാനം കുറഞ്ഞതായി കണക്കുകള്‍. സെന്‍ട്രല്‍ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (സിബിയുഎഇ)യാണു 2019 ലെ കണക്കുകള്‍ പുറത്തുവിട്ടത്.

2018ല്‍ മൊത്തം 16,920 കോടി ദിര്‍ഹമാണു വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. എന്നാല്‍ 2019ല്‍ തുക 16,500 കോടി ദിര്‍ഹമായി കുറഞ്ഞു. 2017ൽ 16,400 കോടി ദിർഹമായിരുന്നു  പ്രവാസികളുടെ നിക്ഷേപം.

അതേസമയം, യുഎഇയിലെ പ്രവാസികളുടെ വരുമാനം സ്വീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും മുന്നില്‍. പാക്കിസ്താന്‍, ഫിലിപ്പെന്‍സ്, ഈജിപ്ത്, യുകെ, ബംഗ്ലാദേശ് എന്നിവയാണു തൊട്ടുപിന്നില്‍.

Read Also: കൊറോണ വൈറസ്: ഉംറ തീർഥാടകർക്ക് വിലക്കേർപ്പെടുത്തി സൗദി

കഴിഞ്ഞവര്‍ഷത്തിന്റെ നാലാം പാദത്തില്‍ സ്വകാര്യ മേഖലയിലെ നിയമനം രണ്ട് ശതമാനം വര്‍ധിച്ചു. മുന്‍ പാദത്തില്‍ നിയമനം 1.1 ശതമാനമായിരുന്നു. നിയമനം വര്‍ധിച്ചത് നാലാം പാദത്തിലെ പണമയക്കലില്‍ പ്രതിഫലിച്ചിട്ടുണ്ട്. 2019ലെ നാലാം പാദത്തില്‍ 2018ലെ സമാന കാലയളവിനേക്കാള്‍ 1.8 ശതമാനമാണു നിക്ഷേപം വര്‍ധിച്ചത്.

ബാങ്കുകള്‍ വഴി 15.6 ശതമാനം തുകയാണു പ്രവാസികള്‍ അയച്ചത്. ബാക്കിത്തുക യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ വഴിയാണ് അയച്ചത്.

ഇന്ത്യയിലേക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പ്രവാസികള്‍ 2018ല്‍ അയച്ച തുക 7900 കോടി ഡോളറാണെന്നാണു ലോക ബാങ്കിന്റെ 2019ലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസ വരുമാനമെത്തുന്നതു കേരളത്തിലേക്കാണ്. രാജ്യത്തിന്റെ മൊത്തം പ്രവാസവരുമാനത്തിന്റെ 19 ശതമാനവും കേരളത്തിലേക്കാണ്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യയിലേക്കു കൂടുതല്‍ പ്രവാസ വരുമാനം എത്തുന്നത്. ഇതില്‍ ഒന്നാമതു നില്‍ക്കുന്നതു യുഎഇയാണ്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook