റിയാദ്: സൗദിയുടെ ചരിത്ര നഗരമായ ദരിയ്യയിൽ ചരിത്രം തീർത്ത് സ്പാനിഷ് ഗായകൻ എൻറിക് ഇഗ്ലേസിയസ്. എൻറിക് വേദിയിലെത്തിയതോടെ ആബാലവൃദ്ധം ആർത്തിരമ്പി. മൈക്ക് കൈയ്യിലെടുത്തപ്പോൾ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും രാജ്യത്തിന് പുറത്ത് നിന്നുമെത്തിയ ആരാധകർ ആവേശ തിമർപ്പിലായി.

അറബിയിലും ഇംഗ്ലീഷീലും വേദിയിൽ നിന്ന് അഭിവാദ്യങ്ങൾ മുദ്രാവാക്യങ്ങളായി ഉയർന്നു. “അൻത ജമീൽ യാ എൻ‌റിക്” (നിങ്ങൾ സുന്ദരനാണ് എൻറിക്) “നിങ്ങളുടെ ശബ്ദം എത്ര മധുരമാണ്” “ഞങ്ങൾ ഈ ശബ്ദത്തിന്റെ ആരാധകരാണ്” എന്നിങ്ങനെ ആളുകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. ഫോർമുല ഇ കാറോട്ട മത്സരത്തിന്റെ ഭാഗമായാണ് മ്യൂസിക്കൽ ഷോ അരങ്ങേറുന്നത്. വ്യാഴാഴ്ച ആരംഭിച്ച പ്രോഗ്രാം ശനിയാഴ്ച അവസാനിക്കും.

സൗദിയിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടി അരങ്ങേറുന്നത്. ഫോര്‍മുല ഇ പരിപാടിക്ക് എത്തുന്നവര്‍ക്കുള്ള പ്രത്യേക വിസയും ടൂര്‍ പാക്കേജും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പുറത്ത് നിന്നും ആയിരങ്ങളാണ് ഷോ കാണാൻ എത്തിയിട്ടുള്ളത്. നഗരത്തിലെ പ്രധാന ഹോട്ടലുകളിൽ നിന്നെല്ലാം നഗരിയിലേക്ക് സൗജന്യ ബസ് സർവ്വീസുണ്ട്.

പരിപാടിയിലേക്കുള്ള എൻട്രി ടിക്കറ്റ് ഓൺലൈനിൽ ലഭ്യമാണ്. വാറ്റ് ഉൾപ്പടെ 347 സൗദി റിയാലാണ് ടിക്കറ്റ് നിരക്ക്. മൂന്ന് ദിവസത്തേക്ക് ഒന്നിച്ചുള്ള ടിക്കറ്റ് പാക്കേജിന് 950 റിയാലുമാണ് നിരക്ക്. ടിക്കറ്റ് കരസ്ഥമാക്കിയവർ ദറഇയ്യക്ക് സമീപം കിങ് സൗദി യൂണിവേഴ്സിറ്റി പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തണം. അവിടെ നിന്നും മത്സര സ്ഥലത്തേക്കും തിരിച്ചും സൗജന്യമായി ബസ് സർവ്വീസ് സംഘാടകൾ ഒരുക്കിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ നഗരിയിലേക്ക് പ്രവേശിക്കാം. മധ്യേഷ്യയിലെ ഏറ്റവും ജനപ്രിയ ഗായകനും സൗദി സംഗീത സ്നേഹികളുടെ ഇഷ്‌ട ഗായകനുമായ അമർ ദിയാബാണ് ഇന്ന് അരങ്ങിലെത്തുക. പതിനായിരക്കണക്കിന് ആരധകരാണ് ഇന്ന് അമറിനെ കാണാനും ഗാനം ആസ്വദിക്കാനുമായി നഗരിയിലെത്തുക. നഗരിയിലേക്കെത്തുന്നവർക്ക് മികച്ച രീതിയിലുള്ള സേവനവും സുരക്ഷയുമാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook