റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശം ഉണ്ടെങ്കിൽ ഒരു മാസത്തിനകം അവകാശികളെ തിരിച്ചേൽപ്പിക്കണമെന്ന് സൗദി തൊഴിൽ -സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ വർഷാരംഭത്തിൽ ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രാലയം ഇറക്കിയിരുന്നു.

മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം സൗദി ചേംബര്‍ കൗണ്‍സില്‍ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ അയക്കുകയും ചെയ്തിരുന്നു. എന്നാൽ ചില തൊഴിലുടമകൾ ഇനിയും പാസ്സ്‌പോർട്ട് തൊഴിലാളിക്ക് നൽകിയിട്ടില്ല. മന്ത്രാലയത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി പാസ്പോർട്ട് തൊഴിലുടമകൾ സൂക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഒരു പാസ്സ്പോർട്ടിന് 2000 സൗദി റിയാൽ വെച്ച് പിഴ ഈടാക്കുമെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബ അൽ ഖാലിദ് അറിയിച്ചു. തൊഴിലുടമകളും സ്ഥാപനങ്ങളും കൈവശം വെച്ച പാസ്‌പോര്‍ട്ടുകള്‍ ഉടമകള്‍ക്ക് തരിച്ചുനല്‍കാന്‍ ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

പാസ്‌പോര്‍ട്ട് വ്യക്തികളുടെ സ്വകാര്യ രേഖയാണെന്നും അവ പിടിച്ചുവെക്കാന്‍ മനുഷ്യാവകാശ നിയമം അനുവദിക്കുന്നില്ലെന്നും ഇത് മനുഷ്യക്കടത്തിന് തുല്യമായ കുറ്റമാണെന്നും സൗദി ദേശീയ മനുഷ്യാവകാശ സൊസൈറ്റി സെക്രട്ടറി ജനറൽ ഖാലിദ് അൽ ഫകീരി പറഞ്ഞു. തൊഴില്‍ നിയമമനുസരിച്ചും തൊഴിലുടമക്ക് തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കാന്‍ അവകാശമില്ലെന്ന് തൊഴിൽ മന്ത്രാലയവും അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook