അബുദാബി: യു.എ.ഇയിലെ അല്‍ഐനിലെ ആശുപത്രി കിടക്കയില്‍ കിടക്കുന്ന പതിനാല് വയസുള്ള ഹലീമയ്ക്ക് ഒരാഗ്രഹം. കഥകളില്‍ കേട്ടിട്ടുളള ജലകന്യകയാകണം തനിക്ക്, ഒരു തവണ.
പല പല ആരോഗ്യപ്രശ്നങ്ങളാല്‍ ഏറെക്കാലമായ് കിടക്കയില്‍ കഴിയുന്ന, ഇടത് വശം തളര്‍ന്ന ഹലീമ അല്‍ ബലൂഷിയെ ജലകന്യകയാക്കുക അത്ര എളുപ്പമല്ലായിരുന്നു. ഹലീമയുടെ ആഗ്രഹമറിഞ്ഞ ‘മേക്ക് എ വിഷ് ഫൌണ്ടേഷ’നും അല്‍ഐന്‍ പ്രൊവിറ്റ മെഡിക്കല്‍ സെന്‍ററും ഹലീമയുടെ ആഗ്രഹം സാധിക്കാനുള്ള വഴികള്‍ തേടി അബുദാബി പൊലീസിന്‍റെ അടുത്തെത്തി. അബുദാബി പൊലീസും ഹലീമയുടെ സ്വപ്നത്തിനൊപ്പം പോകാന്‍ തീരുമാനിച്ചു.
ചികില്‍സയില്‍ കഴിയുന്ന തവാം ആശുപത്രിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഹലീമയെ സാദിയാതിലെ ഹയാത് പാര്‍ക്ക് ഹോട്ടലില്‍ കൊണ്ടു വന്നു. പിന്നെ ഒരു ജലകന്യകയെപ്പോലെ അണിഞ്ഞൊരുങ്ങിയ ഹലീമ, റോസാപ്പൂവുകള്‍ കൊണ്ടുള്ള കിരീടവുമണിഞ്ഞു. തിരമാലകളുടെ ചെറിയ ഓളങ്ങളില്‍ തന്‍റെ സ്വപ്നവുമായി ഹലീമ ഇറങ്ങുമ്പോള്‍, പശ്ചാത്തലത്തില്‍ ഹലീമയ്ക്ക് ഇഷ്ടമുള്ള പാട്ട് പാടാന്‍ ഗായകരെയും ഒരുക്കിയിരുന്നു. അങ്ങനെ അബുദാബി പൊലീസിന്‍റെ സഹായത്തോടെ ഹലീമ ആഗ്രഹിച്ച പോലെ ജലകന്യകയായി.
നാഡീരോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ഹലീമയുടെ അസുഖം തിരിച്ചറിഞ്ഞത് വൈകിയാണ്. അപ്പോഴേക്കും രോഗം അവളെ കിടക്കയിലാക്കിയിരുന്നു. ഇപ്പോള്‍ വെന്‍റിലേറ്റര്‍ സഹായത്തിലാണ് ജീവന്‍ നിലനില്‍ക്കുന്നത്. തലച്ചോറിലെ ക്യാന്‍സര്‍ ഹലീമയെ കൂടുതല്‍ തളര്‍ത്തുണ്ടെങ്കിലും ചുറ്റും നടക്കുന്നതെല്ലാം അറിയുന്നുണ്ട്, കൌമാരത്തിലെ സ്വപ്നങ്ങളും കൂടെയുണ്ട്.
ഫിസിയോതെറാപ്പിക്കൊപ്പം, മനസ്സിന് സന്തോഷം പകരുന്ന കാര്യങ്ങള്‍ കൂടി ഒരുക്കിക്കൊടുത്ത്, ഹലീമയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.
Read More Overseas News Here