ദുബായ്: എന്‍ജിനുകള്‍ നിഷ്‌ക്രിയമാണെന്നു തിരിച്ചറിയുന്നതില്‍ പൈലറ്റുമാര്‍ പരാജയപ്പെട്ടതായി 2016ലെ എമിറേറ്റ്‌സ് വിമാനദുരന്തത്തിനിടയാക്കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിമാനം വീണ്ടും ഉയര്‍ത്താന്‍ ആവശ്യമായ കരുത്ത് എന്‍ജിനുകള്‍ക്കുണ്ടായിരുന്നില്ല. പൈലറ്റുമാര്‍ രണ്ടാമത്തെ ലാന്‍ഡിങ്ങിനു ശ്രമിച്ചപ്പോള്‍ വിമാനം ഇടിച്ചിറങ്ങി തീപിടിക്കുകയായിരുന്നുവെന്നും യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വക്തമാക്കുന്നു.

2016 ഓഗസ്റ്റ് മൂന്നിനാണ് എമിറേറ്റ്‌സ് ബോയിംഗ് 777 വിമാനത്തിനു ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചത്. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട വിമാനത്തില്‍ ജീവനക്കാരടക്കം 300 പേരാണുണ്ടായിരുന്നത്.വിമാനം ഇടിച്ചിറങ്ങി ഒന്‍പത് മിനുട്ടിനുശേഷം ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുഎഇ അഗ്‌നിശമന സേനാംഗം ജാസിം അല്‍ ബലൂഷി (27)യാണു മരിച്ചിരുന്നു. സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി.

Read Also: ഒരു വർഗീയതയ്ക്കും ഇവിടെ സ്ഥാനമില്ല; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

അപകടം പൈലറ്റിന്റെ പിഴവായിരുന്നുവെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് അന്തിമ റിപ്പോര്‍ട്ട്. പൈലറ്റുമാര്‍ വിമാനത്തിന്റെ എന്‍ജിന്‍ സെറ്റിങ് പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടതായി അന്തിമ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റണ്‍വേ ഉപരിതലത്തോടു ചേര്‍ന്നുള്ള പറക്കല്‍ പരിശീലനത്തിന്റെ അഭാവവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുപോലുള്ള സാഹചര്യം കൈകാര്യം ചെയ്യാന്‍ പൈലറ്റുമാര്‍ക്കു പരിശീലനം ഉറപ്പാക്കണമെന്നും വിലയിരുത്തല്‍ സംവിധാനവും മെച്ചപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.

കാറ്റ് കാരണം തൊട്ടുമുന്‍പ് രണ്ടു വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ലെന്ന മുന്നറിയിപ്പ് അപകടത്തില്‍പെട്ട എമിറേറ്റ്‌സ് വിമാനത്തിന്റെ പൈലറ്റുമാര്‍ക്കു നല്‍കുന്നതില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: മനുഷ്യനുനേരെ നീളുന്ന നന്മയുടെ കൈ; ആ ഒറംഗുട്ടാൻ ചിത്രത്തിനു പിന്നിൽ

വിമാനത്തിന്റെ രൂപകല്‍പ്പനയിലെ പ്രശ്നമാണ് അപകടത്തിനു കാരണമെന്നു കാണിച്ച് 15 യാത്രക്കാര്‍ ബോയിങ്ങിനെതിരെ 2017 ല്‍ അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ അപകടസമയം വരെ വിമാന സംവിധാനങ്ങള്‍ക്കോ എന്‍ജിനോ തകരാറുകളിഇല്ലായിരുന്നുവെന്നാണുു ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അന്തിമ റിപ്പോര്‍ട്ടിലെ നിഗമനങ്ങളും ശിപാര്‍ശകളും എമിറേറ്റ്‌സ് എയര്‍ലൈന്‍ അംഗീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook