ദുബായ്: നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെക്കുമെന്ന് അറിയിച്ചു. എമിറേറ്റ്‌സ് എയര്‍വെയ്‌സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ പ്രമുഖ വിമാന കമ്പനികള്‍ ഇക്കൂട്ടത്തിൽ പെടും.

ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ പ്രമുഖ ഗൾഫ് രാജ്യങ്ങൾ നിര്‍ത്തിവെച്ചതോടെ സ്വദേശികള്‍ക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാകും. ഖത്തര്‍ പ്രവാസികള്‍ക്കൊപ്പം യുഎഇ,സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളെയും ബാധിക്കും. ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമായി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന അനേകം മലയാളികളാണുള്ളത്. ഇവര്‍ക്ക് ഖത്തറിലേക്കും അവിടേ നിന്ന് നയതന്ത്രം വിച്ഛേദിച്ച രാജ്യങ്ങളിലേക്കും കടക്കണമെങ്കില്‍ മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ ആശ്രയിക്കേണ്ടി വരും.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്. സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഖത്തര്‍ സ്വീകരിക്കുന്ന നിലപാടില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിഷേധമറിയിച്ചു കൊണ്ടാണ് നടപടി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജിസിസി രാജ്യങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമായിരുന്നു. ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇത് കൂടുതല്‍ മൂര്‍ച്ഛിച്ചത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ നൽകിയ ചില വാർത്തകൾ പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്.

യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കി. അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ