മസ്‌കറ്റ്: മസ്‌കറ്റില്‍നിന്നു കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ഇന്നു രാവിലെ മസ്‌കറ്റ് വിമാനത്താവളത്തിലായിരുന്നു സംഭവം.
എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഐ എസ്‌ക്-442 വിമാനത്തില്‍നിന്നാണ് പുക ഉയര്‍ന്നത്. വിമാനം ടേക്ക് ഓഫിനായി ടാക്സിവേയിൽനിന്നു റണ്‍വേയിലേക്കു നീങ്ങുന്നതിനു തൊട്ടുമുൻപാണു പുക ഉയര്‍ന്നത്.
വിമാനത്തിന്റെ രണ്ടാമത്തെ എൻജിനിൽനിന്നാണു പുക ഉയർന്നത്. സമീപത്തുണ്ടായിരുന്ന മറ്റൊരു വിമാനത്തിന്റെ ക്രൂ പുക കണ്ട് ജാഗ്രതാ നിർദേശം നൽകുകയായിരുന്നു. അതേസമയം, സ്മോക്ക് അലാറം അടിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങൾ അറിയിച്ചു.
അധികൃതര്‍ ഉടന്‍ തന്നെ യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുന്ന സ്ലൈഡുകളിലൂടെയാണു യാത്രക്കാരെ ഒഴിപ്പിച്ചത്. യാത്രക്കാർ വിമാനത്തിൽനിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

141 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, 14 പേര്‍ക്കു പരുക്കേറ്റതായി ഒമാന്‍ മാധ്യമമായ ‘ടൈംസ് ഓഫ് ഒമാന്‍’ റിപ്പോര്‍ട്ട് ചെയ്തു. ഒരു യാത്രക്കാരിയെ ഡിസ്പെൻസറിയിലേക്കു കൊണ്ടുപോയതായി കൊച്ചിയിലെ എയർ ഇന്ത്യ വക്താവ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. സംഭവത്തെക്കുറിച്ച് ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു.
യാത്രക്കാരെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം മുംബൈയില്‍നിന്ന് മസ്‌കത്തിലെത്തിലേക്കു തിരിക്കും. വിമാനം ഒൻപതു മണിയോടെ യാത്രക്കാരുമായി കൊച്ചിയിലേക്കു തിരിക്കുമെന്നാണു വിവരം.