മനാമ: ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതു വഴി ഉണ്ടാകുന്ന അ്ടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ക്യാബിനറ്റ് നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലും ജി സി സി പദ്ധതികളിലും ഗുണപരമായ പരിവര്‍ത്തനമുണ്ടാക്കുമെന്നു യോഗം വിലയിരുത്തി. യു എന്‍ സുരക്ഷാ സമിതിയില്‍ കുവൈത്ത് നോണ്‍ സ്ഥിരാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ യോഗം സ്വാഗതം ചെയ്തു. ഇതു കുവൈത്തിനും ജിസിസിക്കു പൊതുവേയും വലിയ നേട്ടമാണെന്നു യോഗം വിലയിരുത്തി.

ദുറാസിലും സമീപ ഗ്രാമ പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ പ്രധാനമന്ത്രി പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് കാര്യ നഗരാസൂത്രണ മന്ത്രിക്കു നിര്‍ദ്ദേശം നല്‍കി. ചില പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തോട് നിര്‍ദേശിച്ചു. ചെമ്മീന്‍ പിടിക്കുന്നവര്‍ക്ക് ട്രോളിങ് നിരോധ കാലയളവില്‍ സമാന്തര തൊഴില്‍ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് മുനിസിപ്പല്‍ നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം സൗദിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തെയും ബ്രിട്ടനിലുണ്ടായ സ്‌ഫോടനത്തെയും അപലപിച്ചു. 2017-2018 കാലയവളവിലേക്കുള്ള പൊതുബജറ്റിന്റെ ഏകദേശ കണക്ക് അംഗീകരിച്ചു. രാജ്യത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ പരിഗണിക്കാനും ചെലവ് ചുരുക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ