ബഹ്‌റൈനില്‍ പ്രവാസികളുടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കും

നിരക്കുവര്‍ധന ഏറ്റവുമധികം ബാധിക്കുന്നത് കുറഞ്ഞ വരുമാനത്തിലും കുടുംബവുമായി സാധാരണക്കാരായ പ്രവാസികളെയായിരിക്കും.

മനാമ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്കും വലിയ കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള വൈദ്യുതി, വെള്ള നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചേക്കും. ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതി ചാര്‍ജ് 3,000 യൂണിറ്റ് വരെ ഓരോ യൂണിറ്റിനും 13 ഫില്‍സ് ആയിരിക്കും. ഇത് നിലവില്‍ ആറു ഫില്‍സ് ആണ്. വെള്ളത്തിന്റെ നിരക്ക് 60 യൂണിറ്റ് വരെ ഇപ്പോഴുള്ള 80 ഫില്‍സില്‍ നിന്ന് 200 ഫില്‍സായും ഉയരും. മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാര്‍ച്ചിലാണ് ബഹ്‌റൈനില്‍ വൈദ്യുതി, വെള്ള നിരക്കുകള്‍ ഉയര്‍ത്തിയത്. 2019വരെ എല്ലാ വര്‍ഷവും കൂട്ടുന്ന തരത്തിലാണ് വൈദ്യുത നിരക്ക് വര്‍ധന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിരക്കുവര്‍ധനക്കുള്ള സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതി ജല മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച താരിഫില്‍ ഒരു മാറ്റവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ നിരക്ക് പ്രകാരം സര്‍ക്കാരിന് 435.4 ദശലക്ഷം ദിനാര്‍ ലാഭിക്കാനാകുമെന്നാണ് കണക്ക്.

നേരത്തെ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഉണ്ടായ പോലെ പുതിയ വര്‍ധനയുടെ ആഘാതവും പ്രവാസികള്‍ക്കാകും. നിരക്കുവര്‍ധന ഏറ്റവുമധികം ബാധിക്കുന്നത് കുറഞ്ഞ വരുമാനത്തിലും കുടുംബവുമായി സാധാരണക്കാരായ പ്രവാസികളെയായിരിക്കും. ചെലവ് വര്‍ധിക്കുന്നതിനനുസരിച്ച് ശമ്പളമോ ആനുകൂല്യമോ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തയാറാകില്ല. നിലവില്‍ ഇത് പ്രവാസികളുടെ ജീവിത ചെലവ് വര്‍ധിപ്പിക്കും.

ബഹ്‌റൈന്‍ ജനസംഖ്യയില്‍ ഏതാണ്ട് 69 ശതമാനം പേരെ പുതിയ നിരക്കുകള്‍ ബാധിക്കും. അതായത് സ്വദേശികളെ ഇതു ബാധിക്കില്ലെന്നര്‍ഥം. എന്നാല്‍, ഒന്നിലധികം വീടുള്ള സ്വദേശികള്‍ പുതിയ നിരക്ക് നല്‍കേണ്ടി വരും. വിവാഹമോചിതരായ ബഹ്‌റൈനികള്‍, വിധവകള്‍, 21വയസിന് മുകളിലുള്ള വിവാഹിതരാകാത്ത വനിതകള്‍, വാടകക്ക് താമസിക്കുന്ന സ്വദേശികള്‍, ബഹ്‌റൈനികളല്ലാത്തവരെ വിവാഹം കഴിച്ച ബഹ്‌റൈനി വനിതകള്‍, 21വയസിന് താഴെയുള്ള ബഹ്‌റൈനി കുട്ടികളെ നോക്കുന്ന പ്രവാസികള്‍, ബഹ്‌റൈനികളല്ലാത്ത അവകാശികള്‍ എന്നിവര്‍ക്കും പുതിയ നിരക്ക് ബാധകമാകില്ല.

2015ലാണ് സര്‍ക്കാര്‍ ചെലവുചുരുക്കല്‍-വരുമാനം വര്‍ധിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഭക്ഷ്യ സാധനങ്ങള്‍ക്കും വൈദ്യുതിക്കും പെട്രോളിനും നല്‍കിയ സര്‍ക്കാര്‍ സബ്‌സിഡികള്‍ പിന്‍വലിച്ചു. പിന്നാലെ വൈദ്യുതി, വെള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു. കൂടാതെ പെട്രോള്‍ വിലയും വര്‍ധിപ്പിച്ചു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Electricity rate will hike for non residents people in bahrain

Next Story
ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം സക്കറിയക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com