റിയാദ്: ഈദുൽ ഫിത്ർ വെള്ളിയാഴ്ച ആയാൽ പള്ളികളിൽ രണ്ട് ജുമൂഅയും നടത്തണമെന്ന് മതകാര്യ മന്ത്രാലയം ഉത്തരവിറക്കി. റമദാൻ 29 ന് വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായാൽ വെള്ളിയാഴ്ച പെരുന്നാളാകും. അങ്ങിനെ വെള്ളിയാഴ്ച പെരുന്നാളായാൽ പെരുന്നാൾ നിസ്കാരവും തുടർന്ന് പതിവ് പോലെ വെള്ളിയാഴ്ച ജുമൂഅയും നടത്തണമെന്ന് പള്ളികളിലെ ഇമാമുമാർക്ക് നിർദേശം നൽകാൻ പ്രവിശ്യകളിലെ മന്ത്രാലയ ശാഖകൾക്ക് ഡപ്യൂട്ടി ഇസ്ലാമിക കാര്യാ വകുപ്പ് മന്ത്രി ഡോ.തൗഫീഖ് അൽ സുദൈരി നിർദേശം നൽകി.
വെള്ളിയാഴ്ച പെരുന്നാളായാൽ ഉച്ചക്ക് ജുമുഅക്ക് പകരം ളുഹർ നമസ്കാരം പാടില്ലെന്നും സർക്കുലർ നിർദേശിക്കുന്നു.പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് പ്രയാസമില്ലാതിരിക്കാനാണ് ജുമുഅ നടത്തണമെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം നിർദേശിക്കുന്നത്.
അതേസമയം, റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ മക്കയിലും മദീനയിലും തിരക്ക് കൂടി. തിരക്ക് കണക്കിലെടുത്ത് സുരക്ഷാ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്കു പുറമേ സൈനിക വിബാഗവും സിവിൽ ഡിഫൻസും സുരക്ഷ ഒരുക്കാനായുണ്ട്. പുണ്യമാസമായ റമദാനിൽ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മക്കയിലും മദീനയിലും എത്താറുളളത്.
വാർത്ത: നൗഫൽ പാലക്കാടൻ