വിശ്വാസ പൂര്‍ണതയില്‍ ബഹ്‌റൈന്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ അല്‍ സാഖിര്‍ പാലസ് പള്ളിയില്‍ പ്രാര്‍ഥന നിര്‍വഹിച്ചു

bahrain, king

മനാമ: ബഹ്‌റൈനിൽ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. സ്വദേശികളും പ്രവാസികളും ഒരുമിച്ച് പള്ളികളിലും ഈദ് ഗാഹുകളിലും സംഗമിച്ച് ചെറിയ പെരുന്നാളിന്റെ പുണ്യം നുകര്‍ന്നു. രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ അല്‍ സാഖിര്‍ പാലസ് പള്ളിയില്‍ പ്രാര്‍ഥന നിര്‍വഹിച്ചു. കിരീടാവകാശിയും ഡപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, രാജ പുത്രന്‍മാര്‍, രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍, പാര്‍ലിമെന്റ് സ്പീക്കര്‍, ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബഹ്‌റൈനിലെ ഡിപ്ലോമാറ്റിക് കോര്‍പ്‌സ് ഡീനായ കുവൈത്തി അംബാസിഡര്‍, ബിഡിഎഫ്, ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ് എന്നിവയിലെ ഉന്നതര്‍ പ്രാര്‍ഥനയില്‍ സംബന്ധിച്ചു.

നേരായ വഴിയിലൂടെ രാജ്യത്തേയും ജനങ്ങളേയും നയിക്കാന്‍ ഹമദ് രാജാവിന് സര്‍വശക്തന്‍ വിജയങ്ങളും അനുഗ്രഹങ്ങളും ചൊരിയട്ടെയെന്നും ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യട്ടെയെന്നും ഈദ് നമസ്‌കാരത്തിനു നേതൃത്വം നല്‍കിയ ഇമാം പറഞ്ഞു. സര്‍വശക്തനായ അല്ലാഹു ബഹ്‌റൈനെയും ജനങ്ങളേയും അനുഗ്രഹിക്കട്ടെയെന്നും രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്‌റൈനും അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളും സുരക്ഷയും സംരക്ഷണവും പുരോഗതിയും അഭിവൃദ്ധിയും കൈവരിച്ചു മുന്നോട്ടു പോവാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെയെന്നും ഇമാം പറഞ്ഞു.

ഈദ് നമസ്‌കാരാനന്തരം ഹമദ് രാജാവ് ആശംസകള്‍ കൈമാറി. ഹമദ് രാജാവിന്റെ നേതൃത്വത്തില്‍ രാഷ്ട്രം മേഖലയിലും അറബ് സമൂഹത്തിലും അന്താരാഷ്ട്ര തലത്തിലും നിര്‍ണയാക സാന്നിധ്യമാവാന്‍ കഴിഞ്ഞതായി പരിപാടിയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഹമദ് രാജാവിന്റെ അഭിവൃദ്ധിപൂര്‍ണമായ ഭരണകാലത്തു രാഷ്ട്രം വികസനത്തിലും പുരോഗതിയിലും മുന്നോട്ടു കുതിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Eid celeberated bahrain people

The moderation of comments is automated and not cleared manually by malayalam.indianexpress.com