scorecardresearch

Hajj 2020: അറഫ സംഗമം ഇന്ന്; കോവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷ

മുൻവർഷങ്ങളിൽ 30 ലക്ഷത്തോളം പേർ വരെയുണ്ടായിരുന്ന അറഫ സംഗമത്തിൽ ഇത്തവണ ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുക്കുന്നത്

hajj 2020, hajj begins

മക്ക: കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയോടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ഹജ്ജിന്റെ സുപ്രധാനചടങ്ങായ അറഫ സംഗമം ഇന്ന്. ഹജ് തീർഥാടകർ മിനായിൽ നിന്ന് ഇന്ന് അറഫയിലെത്തുംം.കാരുണ്യത്തിന്റെ മലയായ ജബലുറഹ്മയിൽ അണിനിരക്കുന്ന വിശ്വാസികൾ ചെയ്തുപോയ തെറ്റുകൾ ദൈവത്തോട് ഏറ്റുപറഞ്ഞു പ്രായശ്ചിത്തം തേടും. ചടങ്ങുകൾ പൂർത്തിയാക്കി സന്ധ്യയോടെ ഹാജിമാർ അറഫയോട് വിട പറയും.

മുസ്ദലിഫയിൽ രാപാർക്കുന്ന അവർ പുലർച്ചെ പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം മിനായിലേക്കു തിരിക്കും. മിനായിൽ സാത്താന്റെ പ്രതീകമായ ജംറകൾക്കു നേരെ എറിയാനുള്ള കല്ലുകൾ മുസ്ദലിഫയിൽ നിന്നു ശേഖരിക്കാറാണു പതിവെങ്കിലും ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ അണുവിമുക്തമാക്കിയ കല്ലുകൾ സൗദി ഹജ് മന്ത്രാലയം വിതരണം ചെയ്യും. അകലം പാലിച്ചു കല്ലെറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

hajj 2020, hajj begins

മുൻവർഷങ്ങളിൽ 30 ലക്ഷത്തോളം പേർ വരെയുണ്ടായിരുന്ന അറഫ സംഗമത്തിൽ ഇത്തവണ ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുക്കുന്നത്. സൗദി അറേബ്യയിലെ 160 രാജ്യക്കാരിൽ നിന്നും തിരഞ്ഞെടുത്ത ആയിരത്തോളം തീര്‍ത്ഥാടകരിൽ ഏതാനും മലയാളികളുമുണ്ട്. തീർത്ഥാടകരിൽ എഴുന്നൂറ് പേരും സൗദിയില്‍ താമസിക്കുന്ന വിദേശ പൗരന്മാരാണ്. സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച ക്വറന്റീന്‍ പൂര്‍ത്തിയാക്കിയാണ് ഹാജിമാര്‍ പുണ്യ ഭൂമിയില്‍ പ്രവേശിച്ചത്. 50 തീർത്ഥാടകർക്ക് ഒരു ഡോക്ടർ എന്ന രീതിയിൽ സംഘത്തിൽ ആരോഗ്യപ്രവർത്തകരും ഉണ്ട്.

മക്ക, മദീന, മിന ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. ഹാജിമാര്‍ സഞ്ചരിക്കുന്ന വഴികളും, താമസിക്കുന്ന ഇടങ്ങളും കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുന്നുണ്ട്. ഹജ്ജിന്റെ ഓരോ ചടങ്ങുകളിലും ഹാജിമാര്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തും. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്.

hajj 2020, hajj begins

മിനായില്‍ പ്രത്യേകം തയ്യാറാക്കിയ കൂടാരങ്ങളില്‍ ആണ് ഹാജിമാര്‍ സാധാരണ താമസിക്കാറുള്ളത്. എന്നാല്‍ ഇത്തവണ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അബ് റാജ് മിന കെട്ടിടത്തിൽ ഒരുക്കിയ ബഹുനില ടെന്റിലാണ് ഹാജിമാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

നാളെ ബലി പെരുന്നാൾ ചടങ്ങുകളും കഴിഞ്ഞ് ഓഗസ്റ്റ് മൂന്നിനാണ് കർമങ്ങൾ സമാപിക്കുക.

Read more: കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഹജ് തീർഥാടനത്തിനു തുടക്കം

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Eid al adha 2020 scaled down hajj pilgrimage begins in mecca photos

Best of Express