മനാമ: ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ പ്രായപരിധി നിബന്ധന ഇന്ത്യന്‍ രക്ഷിതാക്കളെ ആശങ്കിയിലായ്ത്തി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ മാനദണ്ഡ പ്രകാരം ഓഗസ്റ്റ് 31ന് ആറ് വയസായവര്‍ക്കാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടാനാവുക. ഇതോടെ ബഹ്‌റൈനിലെ സിബിഎസ്‌സി സിലബസ് പിന്തുടരുന്ന ഇന്ത്യന്‍ സ്‌കൂളുകളില്‍ നിലവില്‍, മൂന്ന് വയസില്‍ എല്‍കെജിയില്‍ പ്രവേശനം നേടിയവരുണ്ട്. അവര്‍ക്ക് യുകെജി കഴിയുമ്പോള്‍ അഞ്ചുവയസാവുകയേ ഉള്ളൂ. അപ്പോള്‍, അവര്‍ ഒരു വര്‍ഷം വെറുതെ കളയേണ്ട അവസ്ഥയാണ്. അതുപോലെ ഒന്നാം ക്ലാസില്‍ ചേരാനായി ഇന്ത്യയില്‍ നിന്നും എത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഇത് വിനയാകുന്നു.

ഇന്ത്യയില്‍ അഞ്ചുമുതല്‍ ഏഴുവയസുവരെയുള്ള പ്രായത്തില്‍ ഒന്നാം ക്ലാസില്‍ ചേരാം. ഇതാണ് ബഹ്‌റൈനടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ സിബിഎസ്ഇ സ്‌കൂളുകള്‍ പിന്തുടരുന്നത്. പുതിയ നിബനന്ധന മൂലം ഇന്ത്യയില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ക്ലാസിലേക്കും ഉയര്‍ന്ന ക്ലാസിലേക്കുമുള്ള പ്രവേശനത്തിന് പ്രശ്‌നങ്ങള്‍ നേരിടുകയാണ്.

ഇവിടെയുള്ള യുകെജിയില്‍ നിന്ന് ഒന്നാം ക്ലാസിലേക്ക് മാറുന്നവര്‍ ഈ പ്രായപരിധിക്കകത്ത് വരുന്നില്ലെങ്കില്‍, അവര്‍ ഒരു വര്‍ഷം കൂടി യുകെജിയില്‍ ചെലവിടേണ്ടി വരും. പുതിയ നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി എങ്ങനെ മറികടക്കണമെന്ന കാര്യം ആലോചിക്കാനായി ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തും. മന്ത്രാലയത്തിന്റെ മറുപടി ലഭിക്കുന്നതോടെ, പ്രശ്‌നത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ