മനാമ: ഗള്‍ഫ് മേഖലയില്‍ ഇന്നലെ നേരിയ ഭൂചനം അനുഭവപ്പെട്ടു. ബഹ്‌റൈന്‍, കുവൈത്ത്, യഎഇ, തുര്‍ക്കി, ലബനൻ എന്നിവിടങ്ങളില്‍ രാത്രി 9.30 ഓടെയാണു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം സെക്കന്റുകള്‍ നീണ്ടു നിന്നു. ബഹ്‌റൈനില്‍ മനാമയിലും ജുഫൈറിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഷാര്‍ജയിലും ദുബായിലും പ്രകമ്പനമുണ്ടായി. കുവൈത്തിലെ സാല്‍മിയ, ഫര്‍വാനിയ, മങ്ങഫ്, അബ്ബാസിയ, മഹബുള്ള തുടങ്ങി എല്ലാ ജനവാസ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.

രണ്ടു തവണകളിലായി ഉണ്ടായ ഭൂചലനത്തില്‍ കെട്ടിടങ്ങളിൽ നല്ല തോതിലുള്ള ഇളക്കം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനങ്ങള്‍ താമസ സ്ഥലങ്ങളില്‍ നിന്നും റോഡുകളിലേക്കും മൈതാനങ്ങളിലേക്കും ഇറങ്ങിയോടി. കുടുംബമായും കമ്പനി ക്യാംപുകളിലും താമസിക്കുന്നവര്‍ മണിക്കൂറുകളോളം പുറത്ത് തന്നെ നില്‍ക്കുന്ന കാഴ്ചയാണ് രാത്രി ഏറെ വൈകിയും കാണാന്‍ സാധിച്ചത്. എന്നാല്‍ ഭൂമികുലുക്കത്തില്‍ രാജ്യത്ത് അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു.

130 പേരുടെ മരണത്തിനിടയാക്കിയ ഇറാന്‍-ഇറാഖ് അതിര്‍ത്തി പ്രദേശത്ത് ഉണ്ടായ ശക്തമായ ഭൂചലനത്തിന്റെ തുടര്‍ ചലനമാണ് ഗള്‍ഫ് മേഖലയില്‍ അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ബാഗ്‌ദാദില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സുലൈമാനിയയാണ് പ്രഭവകേന്ദ്രം. ഇറാഖിലാണ് കൂടുതല്‍ പേര്‍ മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook