ഇസ്‌ലാഹി പ്രസ്ഥാനവുമായി ഈടുറ്റ ബന്ധം – ആർ. ഐ. സി. സി.
റിയാദ്: മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിന് വേണ്ടി മാതൃകാപരമായ പോരാട്ടം നടത്തിയ വ്യക്തിത്വമായിരുന്നു ഇ. അഹമ്മദിന്റേതെന്ന് ആർ. ഐ. സി. സി. ചെയർമാൻ സുഫ്‌യാൻ അബ്ദുസ്സലാം പറഞ്ഞു. ഇസ്‌ലാഹി പ്രസ്ഥാനവുമായി വളരെ ഊഷ്മളമായ ബന്ധം സൂക്ഷിച്ചിരുന്നു അദ്ദേഹം. എൻ. വി. അബ്ദുസ്സലാം മൗലവി, കെ. സി. അബൂബക്കർ മൗലവി, കെ. പി മുഹമ്മദ് മൗലവി തുടങ്ങിയ പൂർവ്വകാല ഇസ്‌ലാഹി നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇറാഖിന്റെ കുവൈത്ത് അധിനിവേശം, ബാബരി മസ്ജിദ് വിഷയം പോലെ മുസ്ലിം സമുദായം സങ്കീർണ്ണമായ അവസ്ഥകളിലൂടെ കടന്നുപോയ സന്ദർഭങ്ങളിലൊക്കെ കാര്യങ്ങൾ അവധാനതയോടെ വിലയിരുത്തുന്നതിനും വൈകാരിക പ്രതികരണങ്ങളെ ചെറുക്കുന്നതിനും ഇസ്‌ലാഹി പ്രസ്ഥാനം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെ മറ്റു നേതാക്കളെയും പ്രസ്ഥാനങ്ങളെയും ബോധ്യപ്പെടുത്തി തീവ്രവാദത്തെ അകറ്റിനിർത്തി ജനാധിപത്യ മതേതര മാർഗ്ഗങ്ങളിലൂടെയുള്ള പോരാട്ടത്തെ സുശക്തമാക്കുന്നതിൽ ഇ. അഹമ്മദ് നിർവ്വഹിച്ച പങ്കിനെ കേരളം എക്കാലവും കൃതജ്ഞതാപൂർവ്വം സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫിൽ ഇന്ത്യയുടെ നയന്ത്രവഴി രൂപപ്പെടുത്തിയ നേതാവ് – കേളി കലാ സാംസ്കാരികവേദി
റിയാദ് : മുൻ കേന്ദ്ര മന്ത്രിയും സിറ്റിങ് എം പിയും മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനുമായ ഇ. അഹമ്മദിന്റെ നിര്യാണത്തിൽ കേളി കലാ സാംസ്കാരിക വേദി അനുശോചിച്ചു. ഗൾഫ് മേഖലയിൽ ഇന്ത്യയുടെ നയതന്ത്ര വഴി തെളിക്കുകയും സാഹോദര്യത്തിന്റെയും ദേശീയ ബോധവും വളർത്താൻ പരിശ്രമിച്ച നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും കാണാൻ അനുവദിച്ചില്ലെന്നും ഉൾപ്പടെയുള്ള ബന്ധുക്കളുടെ ആരോപണങ്ങൾ ഗൗരവമായി കാണണമെന്നും കേളി സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ പറഞ്ഞു.