മനാമ: കേരളം ഇന്ത്യക്കു സമ്മാനിച്ച വിശ്വപൗരനാണ് ഇ അഹമ്മദ് എംപിയുടെ നിര്യാണത്തോടെ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നതെന്നു കെഎംസിസി ബഹ്‌റൈന്‍ സംഘടിപ്പിച്ച ഇ അഹമ്മദ് അനുശോചനയോഗം അഭിപ്രായപ്പെട്ടു.

മനാമ അല്‍ രാജ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിരവധി വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. വന്‍ ജനാവലിയാണ് മഹാനായ നേതാവിന്റെ ഓര്‍മയില്‍ സംഗമിച്ചത്. ഇന്ത്യന്‍ എംബസ്സി സെക്കന്റ് സെക്രട്ടറി ആനന്ദ പ്രകാശ് ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീല്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ഹബീബ് റഹ്മാന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതം പറഞ്ഞു.

ഇ അഹമ്മദ് എന്ന നാമം പ്രവാസ ഭൂമിയില്‍ മലയാളികളുടെ അത്താണിയായിരുന്നുവെന്ന് അനുശോചന പ്രമേയത്തില്‍ പറഞ്ഞു. ആര്‍ക്കും എപ്പോഴും ആശ്രയിക്കാവുന്ന സാധാരണ മനുഷ്യനായിരുന്നു അദ്ദേഹം. ഗള്‍ഫ് ഭരണാധികാരികളുമായി ആഴത്തിലുള്ള ഹൃദയ ബന്ധം സൂക്ഷിച്ച നയതന്ത്രജ്ഞനായ രാഷ്ട്രീയ നേതാവിനെയാണു നഷ്ടമായിരിക്കുന്നത്.

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പതാകാ വാഹകനായി കണ്ണൂരിന്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുയര്‍ന്നു വന്ന അദ്ദേഹം എന്നും മലയാളികളുടെ ഹൃദയത്തില്‍ ജ്വലിച്ചു നില്‍ക്കും. കേരള നിയമ സഭയിലൂടെ, ഇന്ത്യന്‍ പാര്‍ലിമെന്റിലൂടെ, ലോക വേദികളിലെ ഗംഭീര സാന്നിധ്യമായി വളര്‍ന്ന ആ മനീഷിയുടെ ജീവിതത്തിന് തുല്ല്യതകളില്ല. ഐക്യരാഷ്ട്ര സഭയുടെ വേദികളില്‍ പോലും ആ ശബ്ദം മുഴങ്ങിക്കേട്ടു.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ രണ്ടര പതിറ്റാണ്ടിലധികം നിറഞ്ഞു നില്‍ക്കുകയും ദേശീയ രാഷ്ട്രീയ നേതൃത്വങ്ങളുമായി തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്ത ആ ചൈതന്യ പൂര്‍ണമായി ജീവിതം, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലിമെന്റില്‍ തന്നെ വീണു പൊലിഞ്ഞു എന്നത് കാലത്തിന്റെ കാവ്യനീതിയാവാം.

ഇ അഹമ്മദിനെ പോലെ ഉയര്‍ന്ന ശിരസ്സും ജ്വലിക്കുന്ന വാക്കുമുള്ള ഒരു നേതാവിന്റെ സാന്നിധ്യം രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ വിയോഗമെന്നത് ദുഃഖത്തെ ഖനപ്പെടുത്തുന്നു. ഇന്ത്യന്‍ ജനാധിപത്യവും ഇന്ത്യയുടെ അടിത്തറയായ വൈവിധ്യവും അപകടപ്പെട്ടു പോവുന്ന ഭീതിതമായ കാലത്തിനെതിരെ ചൂണ്ടുവിരലുയര്‍ത്തിയ ആ നേതാവിന്റെ ഓര്‍മകള്‍ വരും നാളുകളില്‍ ജനാധിപത്യ മതേതര ചേരിയുടെ പോര്‍മുനകളില്‍ മൂര്‍ച്ചയായി ജ്വലിച്ചു നില്‍ക്കുക തന്നെ ചെയ്യും.

ജനാധിപത്യ, മതേതര ഭാരതത്തിന്റ യശസ്സു ലോകത്തിനു മുന്നില്‍ ഉര്‍ത്തിപ്പിടിക്കാന്‍ നിയോഗിക്കപ്പെട്ട ഇ അഹമ്മദ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവായിരിക്കെ ഇന്ത്യന്‍ ജനതയുടെ പൊതുവായ വികാരമായി ഉയരുകയായിരുന്നു.

ആ അമര സ്മരണകള്‍ നമ്മെ കൂടുതല്‍ ജാഗ്രത്തായി നയിച്ചുകൊണ്ടിരിക്കും. ആ നേതൃപാടവം നമ്മെ കരുത്തരാക്കും. ആ ഉജ്ജ്വല സ്മരണയ്ക്കുമുമ്പില്‍ ബഹ്‌റൈന്‍ പ്രവാസി സമൂഹം ഒന്നടക്കം ശിരസ്സു നമിക്കുന്നു അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി.

മനാമ എം പി അബ്ദുല്‍ വാഹിദ് അല്‍ കറാത്തെ, എസ്‌വൈഎസ് കേരള പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി, സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്രുദ്ദീന്‍ കോയ തങ്ങള്‍, ബഹ്‌റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി എന്‍കെ വീരമണി, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, രാജു കല്ലുമ്പുറം(ഒഐസിസി), മഹേഷ് (പ്രതിഭ), സിയാദ് ഏഴംകുളം(ജെസിസി), കെ ജനാര്‍ദ്ദനന്‍,അബ്രഹാം ജോണ്‍, സോമന്‍ ബേബി, മുഹമ്മദ് ഇഖ്ബാല്‍, കെ സി സൈനുദ്ദീന്‍ സഖാഫി, രാമത്ത് ഹരിദാസ്, കുട്ടൂസ മുണ്ടേരി, സി കെ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook