ദുബായ്: ശക്തമായ പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം. അബുദാബിയിലും ദുബായിലും ഇന്നു രാവിലെ ശക്തമായ മണല്‍ക്കാറ്റാണ് അനുഭവപ്പെട്ടത്. മണല്‍ക്കാറ്റിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു.

ഭാഗികമായി തെളിഞ്ഞ കാലാവസ്ഥയോടൊപ്പം പൊടിയും മണലും ആകാശം നിറയ്ക്കുമെന്നാണു ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര(എന്‍സിഎം)ത്തിന്റെ മുന്നറിയിപ്പ്. റോഡില്‍ കാഴ്ച കുറയുന്ന സാഹചര്യത്തില്‍ വാഹനയാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. കാഴ്ചയുടെ പരിധി രണ്ടായിരം മീറ്ററിനു താഴേക്കു കുറഞ്ഞ സാഹചര്യത്തിലാണ് എന്‍സിഎമ്മിന്റെ നിര്‍ദേശം.

മണല്‍ക്കാറ്റില്‍ അബുദാബിയിൽ രാവിലെ ഒന്‍പതിനുശേഷമുണ്ടായ മണല്‍ക്കാറ്റില്‍ വൻ കെട്ടിട സമുച്ചയങ്ങൾ കാഴ്ചയിൽനിന്നു അപ്രത്യക്ഷമായി. പത്തു മണിയോടെ സാഹചര്യം മെച്ചപ്പെട്ടെങ്കിലും പതിനൊന്നോടെ അന്തരീക്ഷത്തില്‍ വീണ്ടും പൊടിപലം നിറഞ്ഞു.  ദുബായിലും സമാനമായ സ്ഥിതിയായിരുന്നു. ബുർജ് ഖലീഫ പോലുള്ള വൻ സമുച്ചയങ്ങൾ പോലും കാഴ്ചയിൽനിന്നു മറഞ്ഞു.

ദുബായിൽ ഇന്നു രാവിലെയുണ്ടായ ശക്തമായ പൊടിക്കാറ്റിൽ കാഴ്ചയിൽനിന്നു മറഞ്ഞ ബുർജ് ഖലീഫ. ഫൊട്ടൊ: സവിത പദ്മനാഭൻ

മണിക്കൂറില്‍ 20 മുതല്‍ 30 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് 45 കിലോമീറ്റര്‍ വരെ വേഗത വരെ കൈവരിക്കാനുള്ള സാധ്യതയുണ്ട്. കാറ്റും പൊടിയുമുള്ള കാലാവസ്ഥ ഇന്നു രാത്രി എട്ടു വരെ നീളാനാണു സാധ്യത. ഇതുകാരണം രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍, പ്രത്യേകിച്ച് അബുദാബിയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മണൽക്കാറ്റിന്റെ സാഹചര്യത്തിൽ കാഴ്ചപരിധി കുറയുമെന്നതിനാൽ ജാഗ്രത പുലർത്താൻ ഡ്രൈവർമാരോട് അബുദാബി പൊലീസ് നിർദേശിച്ചു. യുഎഇയിലെ പ്രധാന പാതകളായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് നിര്‍ദേശിച്ചു.

‘കാറ്റ് മിതമാവുകയും തെക്കുകിഴക്ക്-വടക്കു പടിഞ്ഞാറ് ദിശയില്‍ 20 – 30 കിലോമീറ്റര്‍ വേഗതയില്‍ വീശുകയും ചെയ്യും. ഉള്‍പ്രദേശങ്ങളില്‍ ചില സമയങ്ങളില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും,’ എന്‍സിഎമ്മിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഉച്ചകഴിഞ്ഞ് താപനില 30 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണു മുന്നറിയിപ്പ്.
ദുബായിലും അബുദാബിയിലും രാത്രിസമയ താപനില ഇന്നു രാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചെയുമായി 20 ഡിഗ്രി സെല്‍ഷ്യസായി കുറയും. വ്യാഴാഴ്ച പകല്‍ താപനില കുറയുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, മിതമായ കാറ്റിനു സാധ്യതയുണ്ടെന്നും ഇതു അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

കഴിഞ്ഞദിവസം സൗദി അറേബ്യയില്‍ മണല്‍ക്കാറ്റ് വീശിയിരുന്നു. ഇതേത്തുടര്‍ന്ന് സ്കൂ ളുകള്‍ക്ക് അവധി നല്‍കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook