ദുബായ്: ഡിജിറ്റല്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക, ആഗോള ഡിജിറ്റല്‍ ജീവിത നിലവാരത്തിലേക്കു നഗരത്തെ മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ തുടങ്ങിയ ദുബായ് നൗ ആപ്പിനു 10 ലക്ഷം ഉപയോക്താക്കള്‍. ദുബായിലെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ദുബായ് നൗ സേവനങ്ങള്‍ക്കായുള്ള ഏകീകൃത പ്ലാറ്റ്ഫോമാണ്.
ദുബായ് സര്‍ക്കാര്‍ ആപ്പുകളിലെ ഏറ്റവും മികച്ച ഒന്നായ ദുബായ് നൗ ബില്ലുകളും പിഴയും അടയ്ക്കുന്നത് ഉള്‍പ്പെടെ 30 സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍നിന്നുള്ള 130 സേവനങ്ങളിലേക്കു പ്രവേശനം നല്കുന്നു.
ഈ വര്‍ഷം 200 കോടി ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള 40 ലക്ഷം ഇടപാടുകള്‍ ഉള്‍പ്പെടെ 1000 കോടി ദിര്‍ഹത്തില്‍ കൂടുതല്‍ മൂല്യമുള്ള രണ്ടു കോടി ഇടപാടുകള്‍ ആപ്പ് ആരംഭിച്ച ശേഷം നടന്നു.
ആപ്പിലുള്ള സമൂഹത്തിന്റെ വിശ്വാസത്തിന്റെ തെളിവാണു 10 ലക്ഷം ഉപയോക്താക്കളെന്ന നേട്ടമെന്നു ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ഇതു ദുബായിലെ ജീവിതത്തിന്റെ ഡിജിറ്റലൈസേഷന്റെ അളവ് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ എല്ലാവര്ക്കും ഉപയോക്തൃ-സൗഹൃദ സ്മാര്‍ട്ട് സേവനങ്ങള്‍ 24 മണിക്കൂറും നല്കുന്നതില് ദുബായ് സര്‍ക്കാരിന്റെ വിജയത്തെയാണ് ഉപയോക്താക്കളുടെ ഉയര്‍ന്ന എണ്ണം പ്രതിഫലിപ്പിക്കുന്നത്. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന ആഗോള ഡിജിറ്റല്‍ അനുഭവങ്ങള്‍ എത്തിക്കുന്നതിലേക്കു നയിക്കുന്ന സഹകരണ ശ്രമങ്ങളെ ഇതു പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദുബായ് നൗ ആപ്പ് ദുബായിയുടെ ഡിജിറ്റല്‍ നേതൃത്വത്തെ അടയാളപ്പെടുത്തുന്നതായി ദുബായ് ഡിജിറ്റല്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂരി പറഞ്ഞു. 10 ലക്ഷം ഉപയോക്താക്കളെന്ന നേട്ടം, ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനു നൂതന സാങ്കേതികവിദ്യകള്‍ വിന്യസിച്ച് ആപ്പ് കൂടുതല്‍ വികസിപ്പിക്കുന്നതിന് അതോറിറ്റിയെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.